Your Image Description Your Image Description

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ സേവന നികുതി (ജിഎസ്ടി) കുറച്ചാൽ തിരിച്ചടി നേരിടുന്നത് ഇലക്ട്രിക് വാഹന (ഇവി) കമ്പനികള്‍ക്കെന്ന് വിലയിരുത്തൽ. ജിഎസ്ടി കുറയ്ക്കാനുള്ള നീക്കം ഇലക്ട്രിക് വാഹനങ്ങൾക്കുളള വിലനിർണയ നേട്ടത്തെ ഇല്ലാതാക്കുമെന്നാണ് എച്ച്എസ്ബിസി ഇൻവെസ്റ്റ്മെന്റ് റിസർച്ചിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ജിഎസ്ടി ഘടനയ്ക്ക് കീഴിലുള്ള 12 ശതമാനവും 28 ശതമാനവും സ്ലാബുകൾ ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ മന്ത്രിതല സമിതി (ജിഒഎം) അംഗീകരിച്ചതായി ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി കഴിഞ്ഞ ദിവസം അറിയിച്ചു.

ജിഎസ്ടി കുറയ്ക്കൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ആവശ്യകതയെ ഉത്തേജിപ്പിക്കും. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന നീക്കം സർക്കാർ വരുമാനത്തിൽ സമീപഭാവിയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും റിപ്പോർട്ട് പറയുന്നു.

മൂന്ന് സാധ്യതകളാണ് എച്ച്എസ്ബിസി മുന്നോട്ട് വയ്ക്കുന്നത്. ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നതോടൊപ്പം വലിയ കാറുകളുടെ സെസ് നീക്കം ചെയ്ത് 40 ശതമാനത്തിന്റെ പ്രത്യേക നിരക്കിലേക്ക് മാറ്റാനുള്ള സാധ്യതയാണ് ഒന്ന്. ഇത് ചെറിയ കാറുകൾക്ക് ഏകദേശം 8 ശതമാനവും വലിയവയ്ക്ക് 3 മുതല്‍ 5 ശതമാനവും വില കുറവിന് ഇടയാക്കും. ഇരുചക്ര വാഹന നിർമ്മാതാക്കൾക്ക് കാര്യമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നതാണ് ഇത്. സർക്കാരിന് 400 മുതല്‍ 500 ബില്യൺ യുഎസ് ഡോളർ വരെ വരുമാന നഷ്ടമാണ് ഇതുമൂലം സംഭവിക്കുക.

എല്ലാ വാഹന വിഭാഗങ്ങളുടെയും ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നതോടൊപ്പം സെസ് നിലനിർത്തുകയും ചെയ്യുന്നതാണ് രണ്ടാമത്തെ സാഹചര്യം. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില നേട്ടം കുറയ്ക്കുകയും അവയുടെ സ്വീകാര്യത മന്ദഗതിയിലാക്കുകയും ചെയ്യും. ജിഎസ്ടിയിൽ ഒരു ഏകീകൃത കുറവ് വരുത്തലും സെസ് നീക്കം ചെയ്യലും ഉൾപ്പെടുന്നതാണ് മൂന്നാമത്തേതും ഏറ്റവും സാധ്യത കുറഞ്ഞതുമായ സാഹചര്യം. ഇത് നികുതി ഘടനയെ ലളിതമാക്കുമെങ്കിലും, സർക്കാരിന് ഓട്ടോ മേഖലയിൽ നിന്നുള്ള ജിഎസ്ടി വരുമാനത്തിന്റെ പകുതിയോളം നഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.

Related Posts