Your Image Description Your Image Description

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാൽ ഇനി ശിക്ഷ നിസാരമായിരിക്കില്ല. ഡ്രൈവറുടെ ലൈസൻസ് തന്നെ റദ്ദാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. നിരത്തുകളിലെ നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനുള്ള നീക്കമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നടത്തുന്നത്. നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ക്ക് നെഗറ്റീവ് പോയിന്റെ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്രം പദ്ധതിയൊരുക്കുന്നത്. നിശ്ചിത നെഗറ്റീവ് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും സ്ഥിരമായി റദ്ദാക്കുകയും ചെയ്യുന്ന നടപടികള്‍ വരെ സ്വീകരിക്കും. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകള്‍ക്ക് പുറമെ ആയിരിക്കും ഇത്തരത്തില്‍ നെഗറ്റീവ് പോയന്റുകളും ലൈസന്‍സില്‍ നല്‍കുക.

റോഡ് അപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ഈ കടുത്ത നടപടിയിലേക്ക് പോകുന്നത്. ഓസ്‌ട്രേലിയ, കാനഡ തുടങ്ങി പല വിദേശ രാജ്യങ്ങളിലും മെറിറ്റ്-ഡീ മെറിറ്റ് പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയിലും ഇത് നടപ്പാക്കാനൊരുങ്ങുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് നെഗറ്റീവ് പോയിന്റ് നല്‍കുന്നത് പോലെ തന്നെ നല്ല ഡ്രൈവര്‍മാര്‍ക്ക് മെറിറ്റ് പോയിന്റും നല്‍കുമെന്നാണ് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മോട്ടോര്‍ വാഹന നിയമത്തില്‍ ഇത് സംബന്ധിച്ച് ഭേദഗതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019-ല്‍ ട്രാഫിക് നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കി തുടങ്ങിയിരുന്നു. എന്നാല്‍, ഇതിനുശേഷവും നിയമലംഘനങ്ങളും അപകടങ്ങളും വളരെ അധികം ഉയരുകയാണുണ്ടായത്. ഇത് കണക്കിലെടുത്താണ് നെഗറ്റീവ് പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനും ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാനും നിയമലംഘനം ആവര്‍ത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനുമുള്ള തരത്തിലുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നത്.

2011-ല്‍ ഈ സംവിധാനം നിര്‍ദേശിച്ചിരുന്നെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയായിരുന്ന എസ് സുന്ദറിന്റെ നിര്‍ദേശം അനുസരിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 നെഗറ്റീവ് പോയിന്റുകള്‍ ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്കും നിയമലംഘനം വീണ്ടും ആവര്‍ത്തിക്കുന്നയാളുടെ ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്കും റദ്ദാക്കുമെന്നായിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാനായിരുന്നില്ല. ലൈസന്‍സ് സസ്‌പെന്‍ഷന്‍ ലഭിച്ച വ്യക്തി കാലാവധി അവസാനിച്ച ശേഷം ലൈസന്‍സ് പുതുക്കുമ്പോള്‍ എല്ലാം ടെസ്റ്റുകള്‍ക്കും വിധേയമാകണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts