Your Image Description Your Image Description

മാലിന്യ നിര്‍മാര്‍ജനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നതിനാല്‍ സംസ്‌കരണത്തില്‍ പുതിയ കാഴ്ചപാട് അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉറവിട മാലിന്യസംസ്‌കരണം പ്രധാനമാണ്. പഞ്ചായത്തുകള്‍ പ്ലാന്റുകള്‍ സ്ഥാപിക്കണം. ഭക്ഷണസാധനങ്ങള്‍ വലിച്ചെറിഞ്ഞാല്‍ തെരുവുനായ ശല്യം തടയാനാകില്ല . കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ പരിഹാര മാര്‍ഗമാണ്.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കൃത്യമായി യൂസര്‍ ഫീ നല്‍കണം. ഉപയോഗപ്രദമല്ലാത്ത ജലാശയങ്ങള്‍ നവീകരിക്കണം. പദ്ധതികള്‍ക്ക് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രണ്ട് ഓഫീസ് സൗകര്യം, കമ്മ്യൂണിറ്റി ഹാള്‍, ജീവനക്കാര്‍ക്ക് പ്രത്യേക ഹാള്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പര്‍മാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക മുറികള്‍ തുടങ്ങി 80 ലക്ഷം രൂപ ചിലവഴിച്ചായിരുന്നു നവീകരണം. തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയ പഞ്ചായത്തുകള്‍ക്ക് പുരസ്‌കാരവും ഹരിതകര്‍മ സേനകള്‍ക്ക് ആദരവും നല്‍കി.

ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അമ്മിണിയമ്മ, എസ്.കെ.ചന്ദ്രകുമാര്‍, ടി.ആര്‍.സജില, രേഖാ എസ്.ചന്ദ്രന്‍, എന്‍.ശാന്തിനി, ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.സി മന്‍മഥന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സ്ഥിരംസമിതി അധ്യക്ഷര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts