Your Image Description Your Image Description

കൊൽക്കത്ത: ‘ആർഎസ്എസിൻ്റെ ദുർ​​ഗ്ഗ’യാണ് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് സിപിഎം പശ്ചിമ ബം​ഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. ബ്രി​ഗേഡ് പരേഡ് മൈതാനിയിൽ ഇന്നലെ സിപിഎം സംഘടിപ്പിച്ച പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്യവേയാണ് മുഹമ്മദ് സലീം, മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ചത്. മുർഷിദാബാദ് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഎം നേതാവിന്റെ രൂക്ഷ വിമർശനം. ആർ എസ് എസിനെയും മുഹമ്മദ് സലീം നിശിതമായി വിമർശിച്ചു.

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ആർഎസ്എസിൻ്റെ പിന്തുണ തേടിയപ്പോൾ മമത ബാനർജിക്ക് ആർ‌എസ്‌എസ് തന്നെ നൽകിയ വിളിപ്പേരായിരുന്നു ​ദുർ​ഗ എന്നും മുഹമ്മദ് സലിം അനുസ്മരിച്ചു. ആർ‌എസ്‌എസ് നേതൃത്വം 2003ൽ അന്ന് തൃണമൂൽ കോൺഗ്രസ് ചെയർപേഴ്‌സണായിരുന്ന മമമത ബാനർജിയെ ‘ദുർഗ്ഗ’ എന്ന് വിശേഷിപ്പിച്ചിരുന്നു. ചുവപ്പ് ഭീകരതയെ ചെറുക്കാനെന്ന നിലയിൽ എന്ന് മമത ബാനർജി ആർഎസ്എസിന്റെ പിന്തുണ തേടിയ പശ്ചാത്തലത്തിലായിരുന്നു ഇത്.

മമത ബാനർജിയുടെ സഹായത്തോടെ ബംഗാളിൽ മുമ്പൊരിക്കലുമില്ലാത്തവിധം ആർഎസ്എസ് സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മുഹമ്മദ് സലിം കുറ്റപ്പെടുത്തി. ‘മമത ബാനർജി ആർഎസ്എസുമായി അടുത്തയാളാണ്. ആർഎസ്എസ് അവരെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മുമ്പൊരിക്കലുമില്ലാത്തവിധം ബംഗാളിൽ ആ‍ർഎസ്എസ് തങ്ങളുടെ ശക്തിയും ശാഖകളും വ്യാപിപ്പിക്കുകയാണ്’ എന്നും മുഹമ്മദ് സലിം കുറ്റപ്പെടുത്തി. എല്ലാ ദിവസവും ബിജെപിയും തൃണമൂലും ചേർന്ന ചില നാടകങ്ങൾ അരങ്ങേറുന്നുണ്ടെന്നും മുഹമ്മദ് സലിം പറഞ്ഞു. ബംഗാൾ ബിജെപിയും തൃണമൂലും തമ്മിലുള്ള നാടകത്തിൻ്റെ യഥാർത്ഥ തിരക്കഥ ആർഎസ്എസാണ് എഴുതുന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭഗവത് അടുത്തിടെ സംസ്ഥാനം സന്ദർശിച്ചതും മുഹമ്മദ് സലിം ചൂണ്ടിക്കാണിച്ചു.

‘സർക്കാർ കലാപം നടത്താൻ ആഗ്രഹിക്കുമ്പോഴാണ് കലാപങ്ങൾ ഉണ്ടാകുന്നത്’ എന്ന പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎമ്മിൻ്റെ സമുന്നത നേതാവുമായിരുന്ന ജ്യോതി ബസുവിൻ്റെ വാക്കുകളും മുഹമ്മദ് സലിം അനുസ്മരിച്ചു. മുർഷിദാബാദിലെ ആക്രമണങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സലിം ആവശ്യപ്പെട്ടു.

‘ബജെപിയോ തൃണമൂലോ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടില്ല. ആക്രമണങ്ങളിൽ നഷ്ടമുണ്ടായ സാധാരണക്കാർക്ക് ശരിയായ പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ‘ഇത് ഒരു ക്ഷേത്രവും പള്ളിയും തമ്മിലുള്ള പോരാട്ടമല്ല. ബംഗ്ലാദേശിലേക്ക് നോക്കൂ, എന്താണ് സംഭവിച്ചത്? ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു സ്ഥലമായി മുർഷിദാബാദിനെ മാറ്റാൻ ഞങ്ങൾ അനുവദിക്കില്ലെന്നും’ മുഹമ്മദ് സലിം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാരുടെ സിരകളിൽ രക്തം ഉള്ളിടത്തോളം കാലം, കലാപങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ പോരാടുമെന്നും മുഹമ്മദ് സലിം പ്രഖ്യാപിച്ചു.

മധുരയിൽ നടന്ന പാർട്ടി കോൺ​ഗ്രസിന് പിന്നാലെയാണ് പശ്ചിമ ബം​ഗാളിൽ സിപിഎം വൻ റാലി സംഘടിപ്പിച്ചത്.വർ​ഗ്ഗ-ബഹുജന സംഘടനകളുടെ മെ​ഗാറാലിയിൽ ആർഎസ്എസിനെതിരെയും മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും രൂക്ഷ വിമർശനമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts