Your Image Description Your Image Description

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെയാണ് അഗളി പോലീസ് പിടികൂടിയത്.

ചിറ്റൂര്‍ ഉന്നതിയിലെ ഷിജു(19)വിനാണ് മര്‍ദനമേറ്റത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇവര്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് വിഷ്ണുവിനെയും റെജിലിനെയും പിടികൂടിയത്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് മര്‍ദിച്ചതെന്നാണ് ഷിജു പറയുന്നത്. ഷിജുവിനെ കെട്ടിയിട്ട് മര്‍ദിച്ചവര്‍തന്നെ ചിത്രം പകര്‍ത്തി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ്ചെയ്തു. ഈ ചിത്രം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മര്‍ദനവിവരം പുറത്തറിഞ്ഞത്.

പ്രദേശവാസികളായ ആറുപേര്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഷിജുവിനെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി ഷിജുവിനെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍, ചൊവ്വാഴ്ചവരെയും പോലീസ് കേസെടുത്തില്ല. മര്‍ദനവിവരം പുറത്തുവന്നതിനുശേഷം ചൊവ്വാഴ്ച വൈകീട്ടാണ് അഗളി പോലീസ് ആശുപത്രിയിലെത്തി ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. രാത്രി ഏഴുമണിയോടെ പേരറിയാത്ത വാഹനത്തിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts