Your Image Description Your Image Description

ന്യൂഡൽഹി: ബുധനാഴ്ച ഒരു പൊതു പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച രാജേഷ് സക്രിയ (41) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പ്രതിയുടെ കുടുംബം അവകാശപ്പെട്ടു. വിഷയത്തിൽ പ്രതിയുടെ അമ്മ ഭാനു പ്രതികരിച്ചെത്തിയിരുന്നു. തന്റെ മകന് നായ്ക്കളെ വളരെ ഇഷ്ട്ടമാണെന്നും തെരുവ് നായ്ക്കൾക്കെതിരായ കോടതി ഉത്തരവിൽ മകൻ വളരെ അസ്വസ്ഥനായിരുന്നു എന്നും ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം സംഭവത്തെ വിവിധ രാഷ്ട്രീയ നേതാക്കൾ അപലപിച്ചു.

മുൻ മുഖ്യമന്ത്രി അതിഷി ആക്രമണത്തെ “അസ്വീകാര്യം” എന്ന് വിശേഷിപ്പിച്ചപ്പോൾ, പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ സംഭവത്തെ ശക്തമായി അപലപിച്ചു. പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ് മാധ്യമങ്ങൾ. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ് സക്രിയ. മുഖ്യമന്ത്രിയുടെ സിവിൽ ലൈൻസ് ക്യാമ്പ് ഓഫീസിൽ നടന്ന ‘ജൻ സൺവായ്’ പരിപാടിക്കിടെയാണ് സംഭവം നടന്നത് . രാജേഷ് സക്രിയ രേഖ ഗുപ്തയ്ക്ക് ചില രേഖകൾ കൈമാറിയ ശേഷം പെട്ടെന്ന് അവരുടെ കൈയിൽ പിടിച്ചു വലിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് കാര്യമായ പരിക്കുകളില്ലെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ അറിയിച്ചു.

Related Posts