Your Image Description Your Image Description

പച്ചക്കറികൃഷിയിലൂടെ പോഷകാഹാരംഉറപ്പാക്കുകയെന്ന ആരോഗ്യകരമായ മുന്നേറ്റത്തിന് കുളക്കട ഗ്രാമപഞ്ചായത്ത്. പോഷകാഹാരലഭ്യതയില്‍ ഓരോ വീടും സ്വയംപര്യാപ്തമാക്കുന്നതിനാണ് കുളക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ‘പോഷക സമൃദ്ധി’ പദ്ധതി നടപ്പിലാക്കുക.

2025-26 സാമ്പത്തികവര്‍ഷം ജനകീയആസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാന്‍ ഫണ്ടില്‍ നിന്നും എഴ് ലക്ഷം രൂപയാണ് വകയിരുത്തിയത്. കുളക്കട ഗ്രാമപഞ്ചായത്തിലെ കൃഷിതത്പരരായ കുടുംബങ്ങള്‍ക്ക് പോഷകസമൃദ്ധിയുള്ള ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിന് സൗജന്യമായി പച്ചക്കറിതൈകള്‍ നല്‍കും. തൈനട്ട് 45 ദിവസത്തിനകം വിളവെടുക്കാന്‍ കഴിയുന്നതും തുടര്‍ച്ചയായി 120 ദിവസം വരെ വിളകള്‍ലഭ്യമാകുന്നതുമായ പച്ചമുളക്, തക്കാളി, വഴുതന, അമര, വെണ്ട എന്നിവയുടെ തൈകളാണ് ലഭ്യമാക്കുന്നത്. ഓരോ ഇനത്തില്‍പ്പെട്ടവയുടെ അഞ്ച് തൈകള്‍ വീതം 25 തൈകള്‍ അടങ്ങിയ ഒരു യൂണിറ്റ് വീതമാണ് നല്‍കുക. സ്ഥലസൗകര്യം അടിസ്ഥാനമാക്കി കൂടുതല്‍ യൂണിറ്റുകള്‍ നല്‍കും. ടെറസിലും ഗ്രോബാഗിലും മണ്‍ചട്ടിയിലും കൃഷിഭൂമിയിലുംതുടങ്ങി സാധ്യമാകുന്നിടത്തൊക്കെ കൃഷിചെയ്യാം. 10,000 കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം പച്ചക്കറി തൈകള്‍ നല്‍കുകയാണ് ലക്ഷ്യം. അതാത് വാര്‍ഡുകളിലെ കുടുംബശ്രീ എഡിഎസ്മാരുടെ പിന്തുണയിലാണ് മേല്‍നോട്ടം.

വിളകളുടെപരിപാലനത്തിന് ജൈവകൃഷിയുടെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ കാറ്റലോഗും അനുബന്ധമായി വിതരണംചെയ്യും. കര്‍ഷകര്‍ നേരിടുന്നപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മികച്ച കൃഷിരീതികള്‍ പങ്കുവയ്ക്കാനുമായി കാര്‍ഷികവിദഗ്ധര്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വിവരങ്ങള്‍ കൈമാറും. ഭക്ഷണരീതിയില്‍ വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷരഹിതപച്ചക്കറിയുടെ ഉപയോഗത്തിലൂടെ ജീവിതശൈലിരോഗങ്ങളില്‍നിന്ന് വിമുക്തി നേടാനുള്ള അവസരവും സൃഷ്ടിക്കപ്പെടും.

വാണിജ്യആവശ്യത്തിനായി കൃഷിവകുപ്പിന്റെ പച്ചക്കറികൃഷി വികസനഫണ്ട് വിനിയോഗിച്ച് പഞ്ചായത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ 10 ഹെക്ടറില്‍ കൃഷി നടത്തുന്നുണ്ട്. പൂവറ്റൂര്‍, മാവടി കേന്ദ്രീകരിച്ചുള്ള രണ്ട് ക്ലസ്റ്ററുകളുണ്ട്. രണ്ട് ക്ലസ്റ്ററുകള്‍ക്കായി 3,50,000 രൂപ സബ്‌സിഡി നല്‍കുന്നു. കൃഷിചെയ്യുന്നപച്ചക്കറികള്‍ പുത്തൂര്‍, തുരുത്തില്‍അമ്പലം, ഇഞ്ചക്കാട്, ഞായറാഴ്ചകളില്‍മാത്രം പ്രവര്‍ത്തിക്കുന്ന കൃഷിഭവന്റെ പീടികപച്ച വിപണന കേന്ദ്രങ്ങള്‍വഴി വിറ്റഴിക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 1,75,000 കിലോഗ്രാം പച്ചക്കറികള്‍ ഉല്പാദിപ്പിച്ചു. ഇവ വിപണനം നടത്തിയതില്‍ നിന്നും കര്‍ഷകര്‍ക്ക് 98 ലക്ഷം രൂപ വരുമാനം ലഭിച്ചു. 2025-26 വര്‍ഷത്തെ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കും.

വിഷരഹിത-ജൈവപച്ചക്കറികൃഷി ജീവിതരീതിയുടെഭാഗമാക്കുക, പോഷകഅപര്യാപ്തതയ്ക്ക് പരിഹാരം എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല വ്യക്തമാക്കി.

Related Posts