Your Image Description Your Image Description

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമേകാൻ കൂറ്റൻ ഡീ വാട്ടറിംഗ് പമ്പുകളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഓപ്പറേഷൻ ബ്രേക്ക്ത്രൂവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി നാല് പമ്പുകളാണ് നൽകിയിട്ടുള്ളത്. കടവന്ത്ര ഗാന്ധി നഗർ അഗ്നി രക്ഷാ നിലയത്തിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവർ ചേർന്ന് അഗ്നിരക്ഷാസേന റീജിയൺ ഫയർ ഓഫീസർ ജെ.എസ് സുനിൽ കുമാറിന് പമ്പുകൾ കൈമാറി.

കിർലോസ്കർ കമ്പനിയുടെ നാല് പമ്പുകളാണ് 2.17 കോടി രൂപ ചിലവഴിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വാങ്ങിയത്. ശക്തമായ വെള്ളക്കെട്ട് ഉണ്ടായാൽ അത് വെള്ളം പമ്പ് ചെയ്ത് മാറ്റാൻ തക്ക ശേഷിയുള്ളതാണ് ഈ ഡീ വാട്ടറിംഗ് പമ്പുകൾ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ നിർദ്ദേശപ്രകാരമാണ പമ്പുകൾ വാങ്ങാൻ തീരുമാനിച്ചത്. ഉടൻ തന്നെ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്.

താക്കോൽ കൈമാറ്റ ചടങ്ങിൽ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, കൊച്ചി കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ വി.എ ശ്രീജിത് തുടങ്ങിയവർ പങ്കെടുത്തു.

ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറുന്ന കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് കുറക്കുന്നതിൽ വലിയ പങ്ക് വഹിച്ച പദ്ധതിയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ. വിജയം കാണാൻ തുടങ്ങിയതോടെ അന്താരാഷ്ട് തലത്തിൽ തന്നെ വലിയ തോതിൽ ശ്രദ്ധാ കേന്ദ്രമായി മാറാൻ പദ്ധതിക്ക് കഴിഞ്ഞു.

Related Posts