Your Image Description Your Image Description

ബിലാസ്പുർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഛത്തീസ്ഗഢ് മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരായത്. ജാമ്യത്തിനായി ഇടപെടുമെന്നും ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നൽകിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Posts