Your Image Description Your Image Description

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ സംസ്ഥാനത്തെ ആദ്യ വിൽപനശാല മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി ലാഭവിഹിതം വർദ്ധിപ്പിക്കുമെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ (കെഎസ്ടിസി) സംസ്ഥാനത്തെ ആദ്യ വിൽപനശാലയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങൾ അവതരിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയണം. ഇത്തരത്തിൽ വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

റെഡിമെയ്ഡ് വസ്ത്ര വിപണന മേഖലയിലെ കെഎസ്ടിസിയുടെ ആദ്യ സംരംഭമായ വില്പനശാല റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് അംബേദ്ക്കർ ബിൽഡിംങ്ങിലെ ഒന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾക്ക് പുറമെ കേരളത്തിലെ വസ്ത്രനിർമ്മാണ മേഖലയിലുള്ള മറ്റ് പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിൽപനശാല തുടങ്ങിയത്.

കെഎസ്ടിസിയുടെ സ്വന്തം നെയ്ത്‌തുശാലയിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ മിതമായ വിലയ്ക്കാണ് ഇവിടെ വിൽക്കുന്നത്. കെഎസ്ടിസി യൂണിറ്റുകളിൽ ഉൽപാദിപ്പിക്കുന്നതും മറ്റ് ചെറുകിട വ്യവസായ ശാലകളിൽ നിന്നും ശേഖരിക്കുന്നതുമായ തുണിത്തരങ്ങൾ, ഹാൻഡ്ലൂം ഉൽപ്പന്നങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുളള വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ തുടങ്ങി നിത്യോപയോഗ വസ്ത്രങ്ങൾ ഇവിടെ ലഭിക്കും. കെഎസ്ടിസി ബെഡ്ഷീറ്റ്, തുണിത്തരങ്ങൾ എന്നിവയ്ക്കെല്ലാം 50 ശതമാനം ഡിസ്കൗണ്ടും ലഭ്യമാണ്.

ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം എൽ എ അധ്യക്ഷനായി. കെ എസ് ടി സി ചെയർമാൻ ആർ വത്സൻ, കെ എസ് ടി സി മാനേജിംഗ് ഡയറക്ടർ സുകുമാർ അരുണാചലം, ടെക്‌സ്ഫഡ് ചെയർമാൻ പി കെ മുകുന്ദൻ, കെ എസ് ടി സി ബോർഡ് അംഗങ്ങൾ എം ആർ രാജൻ, ടി ഭാസ്കരൻ എന്നിവരും സംസാരിച്ചു.

Related Posts