Your Image Description Your Image Description

ബ്യൂണസ് ഐറിസ്: അർജൻ്റീനയിൽ സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട സുപ്രധാന വിധിയിൽ, ഗൂഗിൾ സ്ട്രീറ്റ് വ്യൂ (Google Street View) പകർത്തിയ നഗ്നചിത്രത്തിന് നഷ്ടപരിഹാരമായി ഒരു വ്യക്തിക്ക് 10.8 ലക്ഷം രൂപ (ഏകദേശം $13,000 USD) നൽകാൻ ഗൂഗിളിനോട് കോടതി ഉത്തരവിട്ടു. 2017-ൽ നടന്ന ഒരു സംഭവത്തിലാണ് ഈ വിധി. ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ ഒരു വ്യക്തിയുടെ വീട്ടുമുറ്റത്ത് വെച്ച് നഗ്നനായി നിൽക്കുന്ന ചിത്രം പകർത്തിയതാണ് കേസിനാസ്പദമായ സംഭവം.

ഒരു പോലീസ് ഉദ്യോഗസ്ഥനായ പരാതിക്കാരൻ, താൻ ആറടി ഉയരമുള്ള ചുറ്റുമതിലിന് പിന്നിൽ നിൽക്കുമ്പോഴാണ് ഗൂഗിൾ ക്യാമറയിൽ തൻ്റെ ദൃശ്യങ്ങൾ പതിഞ്ഞതെന്ന് കോടതിയെ അറിയിച്ചു. ചിത്രം പകർത്തിയപ്പോൾ അദ്ദേഹം പുറംതിരിഞ്ഞു നിൽക്കുകയായിരുന്നുവെന്നും, മുഖം ദൃശ്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ വീട്ടുനമ്പറും, തെരുവിന്റെ പേരും ചിത്രത്തിൽ വ്യക്തമായി കാണാമായിരുന്നത് തിരിച്ചറിയുന്നതിന് കാരണമായി. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപിച്ച് 2019-ൽ ഇദ്ദേഹം ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്തു.

തൻ്റെ നഗ്നചിത്രം ഗൂഗിളിൽ പ്രചരിച്ചതോടെ തനിക്ക് ജോലിസ്ഥലത്തും അയൽക്കാർക്കിടയിലും കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സമൂഹത്തിൽ തനിക്ക് തലയുയർത്തി നടക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019-ൽ കേസ് ആദ്യം ഒരു കീഴ്ക്കോടതി തള്ളിയിരുന്നു. എന്നാൽ, പരാതിക്കാരൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് ഈ മാസം ആദ്യം അപ്പീൽ പാനൽ കേസ് പരിഗണിക്കുകയും അദ്ദേഹത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു.

ചുറ്റുമതിലിന് മതിയായ ഉയരമില്ലാത്തതിനാലാണ് ചിത്രം പകർത്തിയത് എന്നായിരുന്നു ഗൂഗിൾ കോടതിയിൽ വാദിച്ചത്. എന്നാൽ, ഈ വാദം തള്ളിയ കോടതി, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യത മാനിക്കാനുള്ള ഉത്തരവാദിത്തം കമ്പനികൾക്കുണ്ടെന്നും കോടതി പറഞ്ഞു.

Related Posts