Your Image Description Your Image Description

കോഴിക്കോട്: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. പത്ത് ഉപാധ്യക്ഷന്മാര്‍ ഉള്‍പ്പെടെ ഇരുപ്പത്തിയഞ്ച് ഭാരവാഹികളെയാണ് പട്ടികയില്‍ ഉള്ളതെന്നാണ് വിവരം. എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ്, ഷോണ്‍ ജോര്‍ജ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരയേക്കും. പി സുധീര്‍, സി കൃഷ്ണകുമാര്‍ എന്നിവരെ മാറ്റും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി പി ശ്യാംരാജും മഹിളാമോര്‍ച്ച അധ്യക്ഷയായി നവ്യാ ഹരിദാസും എത്തിയേക്കും.

പുതിയ ഭാരവാഹികളുടെ പേരുകളടങ്ങിയ പട്ടിക കേന്ദ്രനേതൃത്വം ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ് സൂചന. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ എം ടി രമേശ് തുടര്‍ന്നേക്കും. ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശോഭ സുരേന്ദ്രന്‍ എത്തും. മുരളീധരന്‍ പക്ഷത്തുനിന്നുളള പി സുധീര്‍, സുരേന്ദ്രന്‍ പക്ഷത്തുനിന്നുള്ള സി കൃഷ്ണകുമാര്‍ എന്നിവരെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മാറ്റി പുതിയ നേതാക്കളെ പരിഗണിക്കും. സംഘടനയെ ചലിപ്പിക്കാന്‍ തനിക്ക് കൂടി സ്വീകാര്യരായ നേതാക്കളെ രാജീവ് ചന്ദ്രശേഖര്‍ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ ഷോണ്‍ ജോര്‍ജ്, എസ് സുരേഷ് എന്നിവരെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവന്നേക്കും.

യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനാകാന്‍ സാധ്യത കൂടുതല്‍ ശ്യാംരാജിനാണ്. മഹിളാമോര്‍ച്ച അധ്യക്ഷയായി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിച്ച നവ്യാ ഹരിദാസ് എത്തിയേക്കും. നേരത്തെ യുവമോര്‍ച്ച, മഹിളാ മോര്‍ച്ച അധ്യക്ഷ തിരഞ്ഞെടുപ്പിന് അഭിമുഖം വെച്ചത് വലിയ വിവാദമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ശോഭ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് അഭിമുഖം നടത്തിയത്. ഇതില്‍ എതിര്‍പ്പുമായി കെ സുരേന്ദ്രന്‍, വി മുരളീധരന്‍ വിഭാഗം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts