Your Image Description Your Image Description

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് വിമാന കമ്പനിയിലെ ട്രെയ്നി പൈലറ്റിന് നേരെ ജാതി അധിക്ഷേപം നടത്തിയതായി പരാതി. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ട്രെയ്നി പൈലറ്റിനോട് മേലുദ്യോഗസ്ഥർ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി. ‘നിന്നെയൊന്നും വിമാനം പറത്താൻ കൊള്ളില്ല, പോയി ഷൂ തയ്ക്ക്’ എന്ന് പറഞ്ഞായിരുന്നു മേലുദ്യോഗസ്ഥർ അധിക്ഷേപിച്ചത്. ഏപ്രിൽ 28നായിരുന്നു സംഭവം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. 35 വയസുള്ള ട്രെയ്നിയായ പൈലറ്റിന് മേലുദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അധിക്ഷേപം നേരിടേണ്ടി വന്നത്.

ചെരിപ്പ് തയ്‌ക്കാൻ മാത്രമല്ല, ഒരു കാവൽക്കാരനാകാൻ പോലും താൻ യോഗ്യനല്ല എന്ന് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്. തന്നെ രാജിവെപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും, താൻ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നറിഞ്ഞുകൊണ്ടുമായിരുന്നു മേലുദ്യോഗസ്ഥർ ഈ പരാമർശം നടത്തിയത് എന്നും പരാതിയിൽ പൈലറ്റ് പറയുന്നു. ഇതിന് പുറമെ കമ്പനി തന്നെ നിരന്തരം ലക്ഷ്യമിട്ടിരുന്നതായും പൈലറ്റ് പറയുന്നു. കൃത്യമായ കാരണമില്ലാതെ ശമ്പളം കുറച്ചും, നിർബന്ധിതമായി ട്രെയിനിങ്ങുകളിൽ പങ്കെടുപ്പിച്ചും മറ്റുമാണ് തന്നെ മേലുദ്യോഗസ്ഥർ ഉപദ്രവിച്ചിരുന്നത് എന്ന് പരാതിയിൽ പറയുന്നു

കമ്പനിയുടെ എത്തിക്സ് പാനലിന് മുൻപാകെ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല എന്നും പൈലറ്റ് ആരോപിച്ചു. ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ദേയ്, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ‘സീറോ എഫ്‌ഐആർ’ ആണ് രജിസ്റ്റർ ചെയ്തിരുന്നത് എന്നതിനാൽ കേസ് ഇപ്പോൾ ഇൻഡിഗോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗുരുഗ്രാമിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts