Your Image Description Your Image Description

ന്യൂഡൽഹി: ജമ്മുവിൽ തുടർച്ചയായി ഇന്ന് രാത്രിയിലും അപായ സൈറൺ മുഴങ്ങി. ഇന്ത്യാ – പാകിസ്ഥാൻ സംഘർഷം ശക്തമായിരിക്കെയാണ് സൈറൺ മുഴങ്ങിയത്. രണ്ട് തവണയാണ് അപായ സൈറൺ മുഴങ്ങിയത് എന്ന് സ്ഥലത്തുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 15 മിനിറ്റിനിടെ പല തവണയായി പാകിസ്ഥാനിൽ നിന്ന് ഡ്രോൺ ആക്രമണം തുടരുന്നതായാണ് സ്ഥലത്ത് നിന്ന് വിവരം ലഭിക്കുന്നത്. ജമ്മു നഗരത്തിന് നേരെയാണ് ആക്രമണം. ആകാശത്ത് വച്ച് തന്നെ ഇന്ത്യ പാക് ഡ്രോണുകളെ നിർവീര്യമാക്കുകയാണ്.

ഇന്നലെ രാത്രി 400 ഓളം ഡ്രോൺ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയത്. ഒന്നിലും ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ഡ്രോണുകളിൽ ആയുധങ്ങളുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

യുദ്ധമുഖത്ത്, ജമ്മു നഗരത്തിൽ നിലയുറപ്പിച്ചിട്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരിട്ട് നൽകുന്നതാണ് ഈ വിവരങ്ങൾ. ഇടവേളകളില്ലാതെ ജമ്മു നഗരത്തിൻ്റെ ആകാശത്ത് ഏറ്റുമുട്ടൽ നടക്കുകയാണ്. പാക് പ്രകോപനത്തെ ഇതുവരെ ഇന്ത്യ ഫലപ്രദമായി നേരിടുന്നുണ്ട്. 15 മിനിറ്റിനിടെ 12 ഡ്രോണുകളാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് വന്നത്.

സാംബ മേഖലയിലും ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുന്നുണ്ട്. എന്നാൽ വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് കരസേന ഈ ആക്രമണങ്ങൾ പ്രതിരോധിക്കുകയാണ്.

അമൃത്സർ, ഫിറോസ്പൂരിലും ഡ്രോൺ ആക്രമണം നടന്നതായി വിവരം പുറത്തുവരുന്നുണ്ട്. രാത്രി ഇതേ സമയത്താണ് ഇന്നലെയും പാകിസ്ഥാൻ ആക്രമണം നടത്തിയത്. അതേസമയം തുടർച്ചയായി സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുവെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു. ഒമർ ജമ്മുവിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts