Your Image Description Your Image Description

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പരമോന്നതമാണെന്നും അതിനു മുകളിൽ മറ്റ് അധികാര കേന്ദ്രങ്ങൾ ഇല്ലെന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്ത അദ്ദേഹം പാർലമെന്റിനു മുകളില്‍ ഒരു അധികാര കേന്ദ്രവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ധന്‍കറുടെ പ്രതികരണം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളിലെ സമയപരിധി നിര്‍ദേശിക്കലടക്കമുള്ള സുപ്രീംകോടതിയുടെ സമീപകാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനങ്ങള്‍.

പാര്‍ലമെന്റ് പരമോന്നതമാണ്. അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഭരണഘടന എന്തായിരിക്കണമെന്നതിന്റെ ആത്യന്തിക ചുമതലക്കാര്‍. അതിന് മുകളില്‍ ഒരു അധികാരവും പാടില്ലെന്നും ധന്‍കര്‍ പറയുകയുണ്ടായി. ‘ഒരു പൗരനാണ് പരമാധികാരി, കാരണം ഒരു രാഷ്ട്രവും ജനാധിപത്യവും കെട്ടിപ്പടുക്കുന്നത് പൗരന്മാരാണ്. അവരില്‍ ഓരോരുത്തര്‍ക്കും ഒരു പങ്കുണ്ട്. ജനാധിപത്യത്തിന്റെ ആത്മാവ് കുടികൊള്ളുകയും സ്പന്ദിക്കുകയും ചെയ്യുന്നത് ഓരോ പൗരനിലുമാണ്. ഒരു പൗരന്‍ ജാഗരൂകനാകുമ്പോള്‍, ഒരു പൗരന്‍ സംഭാവന ചെയ്യുമ്പോള്‍ ജനാധിപത്യം പുഷ്‌കലമാകും, അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തപ്പെടും, ഒരു പൗരന്റെ സംഭാവനയ്ക്ക് പകരമായി മറ്റൊന്നില്ല.

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഒരു പ്രധാനമന്ത്രിയോട് 1977-ല്‍ കണക്കു ചോദിക്കപ്പെട്ടു. അതിനാല്‍, ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട – ഭരണഘടന ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, അതിനെ സംരക്ഷിക്കാനുള്ള ചുമതലയും അവര്‍ക്കാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കണം എന്നതിലെ പരമാധികാരികള്‍ അവരാണ്. പാര്‍ലമെന്റിന് മുകളില്‍ ഒരു അധികാരത്തെയും ഭരണഘടന വിഭാവനം ചെയ്യുന്നില്ല. പാര്‍ലമെന്റാണ് പരമോന്നതം’ധന്‍കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts