Your Image Description Your Image Description

ടാറ്റ മോട്ടോഴ്‌സ്, കൂപ്പെ എസ്‌യുവിയായ കർവിന്റെ ഡാർക്ക് എഡിഷൻ പുറത്തിറക്കി. കർവ് ഇവിക്ക് ഡാർക്ക് എഡിഷൻ നൽകിയിട്ടില്ല. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി ഡാർക്ക് എഡിഷനിൽ കോസ്മെറ്റിക് മാറ്റങ്ങൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലഷ്ഡ് +എ വേരിയന്റുകളിൽ മാത്രമേ ഡാർക്ക് എഡിഷൻ ലഭ്യമാകൂ. 16.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഗ്ലോസി കാർബൺ ബ്ലാക്കാണ് എക്സ്റ്റീരിയർ. അലുമിനിയം ഭാ​ഗങ്ങൾ ഒഴിവാക്കി ബ്ലാക്ക്-ഔട്ട് ചെയ്തിട്ടുമുണ്ട്. ഫെൻഡറുകളിൽ ഡാർക്ക് എഡിഷൻ ബാഡ്ജിങ്ങും ഉണ്ട്. ഉൾവശം പൂർണ്ണമായും കറുപ്പ് നിറത്തിലാണ്.

കറുപ്പ് നിറത്തിലുള്ള ലെതർ സീറ്റുകളും ഡാഷ്‌ബോർഡും ഇന്റീരിയർ മനോഹരമാക്കി. ഫീച്ചറുകളാൽ സമ്പന്നമാണ് കർവ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന പവർ ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇല്യൂമിനേറ്റഡ് ലോഗോയുള്ള ഫോർ-സ്പോക്ക് ഡിജിറ്റൽ സ്റ്റിയറിങ്ങ് വീൽ, 12.3 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്ലസ്റ്ററിൽ ഇന്റഗ്രേറ്റഡ് നാവിഗേഷൻ, എക്യൂഐ ഡിസ്‌പ്ലേയുള്ള എയർ പ്യൂരിഫയർ, ഒമ്പത് സ്പീക്കറുകളുള്ള ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് ടാറ്റ കർവ് വരുന്നത്.

ആറ് എയർബാഗും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും സ്റ്റാൻഡേർഡായി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ്, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്ററുള്ള സറൗണ്ട് വ്യൂ സിസ്റ്റം, ഫ്രണ്ട് പാർക്കിങ്ങ് സെൻസറുകൾ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. 20 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് ഫംങ്ഷനുകളുള്ള ലെവൽ 2 അഡാസും ഉണ്ട്. രണ്ട് പെട്രോൾ എൻജിനിലും ഒരു ഡീസൽ എൻജിനിലുമാണ് കർവ് ഐസ് പതിപ്പ് വിപണിയിൽ എത്തുന്നത്. 125 പി.എസ്. പവറും 225 എൻ.എം ടോർക്കും നൽകുന്ന ടി.ജി.ഡി.ഐ പെട്രോൾ ടർബോ എൻജിൻ, 120 പി.എസ് പവറും 170 എൻ.എം ടോർക്കുമേകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ,118 പി.എസ് പവറും 260 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണവ.

ആറ് സ്പീഡ് മാനുവൽ ഏഴ് സ്പീഡ് ഡി.സി.ടി എന്നിവയാണ് ട്രാൻസ്മിഷൻ. 1.2 ലിറ്റർ ടി.ജി.ഡി.ഐ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകളിൽ മാത്രമേ ഡാർക്ക് എഡിഷൻ ലഭ്യമാകൂ. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ നാല് വേരിയന്റുകളിലാണ് കർവ് ഇ.വി എത്തുന്നത്. 45 കിലോവാട്ട് ബാറ്ററി പാക്കിലുള്ള കർവ് ഇ.വിക്ക് 502 കിലോമീറ്ററും 55 കിലോവാട്ട് ബാറ്ററിപാക്ക് മോഡലിന് 585 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി ഉറപ്പുനൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts