Your Image Description Your Image Description

കോട്ടയം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷിവകുപ്പ് ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം ആരംഭിക്കും. റബ്ബർ കർഷകർക്ക്‌ 75,000 രൂപ ഹെക്ടറൊന്നിന്‌ സബ്‌സിഡി കിട്ടും. ഏലത്തിന്‌ ഹെക്ടറൊന്നിന്‌ 1,00,000 രൂപയും കാപ്പിക്ക്‌ 1,10,000 രൂപയും സബ്‌സിഡി അനുവദിക്കും. അഞ്ച്‌ ഹെക്ടർവരെ റബ്ബർ കൃഷിയുള്ളവർക്കാണ്‌ സഹായധനം.

ഏലത്തിന്‌ എട്ട്‌ ഹെക്ടർവരെയും കാപ്പിക്ക്‌ പത്ത്‌ ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക്‌ സഹായം നൽ‌കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർ കർഷകർക്കാണ് സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാട്‌ ജില്ലയിലെ കർഷകർക്കും ഏലം സഹായധനം ഇടുക്കിയിലെ കർഷകർക്കുമാകും നൽകുക. ജൂണിൽ സബ്‌സിഡി ലഭ്യമാകുമെന്ന്‌ കൃഷിവകുപ്പ്‌ അധികൃതർ അറിയിച്ചു.

മൂന്ന്‌ വിളകളിലും പത്ത്‌ ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക്‌ പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽ നിന്നാണ് സബ്‌സിഡിക്ക്‌ അർഹരായവരെ തിരഞ്ഞെടുക്കുകയെന്ന് കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടർ (കേര പ്രോജക്ട്‌) ഡോ.എസ്‌ യമുന പറഞ്ഞു. കേരപദ്ധതിയുടെ ആദ്യ ഗഡുവായി 139.65 കോടി രൂപ ലോകബാങ്കിൽ നിന്ന്‌ ലഭിച്ചു. കൃഷിവകുപ്പാണ്‌ പ്ലാന്റേഷൻ ഡയറക്ടറേറ്റ്‌ വഴി പദ്ധതി നടപ്പാക്കുന്നത്‌. കൃഷിവകുപ്പിന്റെ 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം കിട്ടി. മേയിൽ ഉദ്‌ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts