Your Image Description Your Image Description

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോ​ഗിച്ചുള്ള തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയർത്തി അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ​ഹാക്ക് ചെയ്യപ്പെടാൻ എളുപ്പമാണെന്ന് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, തെരഞ്ഞെടുപ്പുകൾ നടത്താൻ പേപ്പർ ബാലറ്റ് ഉപയോ​ഗിക്കണമെന്നും തുൾസി ഗബ്ബാർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിലാണ് തുൾസി ഗബ്ബാർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും കാബിനറ്റ് യോ​ഗത്തിൽ തുൾസി നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഗബ്ബാർഡിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിൽ, ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ലോകത്തിൽ ഏറ്റവും മികച്ചതും ലളിതവുമാണെന്ന വാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ രംഗത്തെത്തി. വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ എളുപ്പമാണെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിൽ തുൾസി പറഞ്ഞത്. വോട്ടുകൾ ചൂഷണം ചെയ്യാനും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും സാധിക്കുമെന്നതിന് തെളിവുണ്ട്. അതിനാൽ ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടു വരണം. ഇത് തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകുമെന്നും തുൾസി അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷപാർട്ടികൾ വോട്ടിങ് യന്ത്രത്തിനെതിരേ കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തുൾസിയുടെ പരാമർശം. എന്നാൽ, ഇന്ത്യയിലെ വോട്ടിം​ഗ് യന്ത്രങ്ങൾ സുരക്ഷിതമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. പല രാജ്യങ്ങളിലും ഇലക്‌ട്രോണിക്സ് വോട്ടിങ് സംവിധാനത്തിൽ ഇന്റർനെറ്റ് അടക്കമുള്ള സ്വകാര്യ നെറ്റ്‌വർക്കുകളുണ്ടെങ്കിലും ഇന്ത്യയിൽ ഉപയോ​ഗിക്കുന്ന വോട്ടിംങ് യന്ത്രങ്ങൾ അത്തരത്തിലുള്ളവയല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ കൃത്യതയുള്ള കാൽക്കുലേറ്ററുകളെപ്പോലെ ലളിതമായ സംവിധാനമാണെന്നും ഇന്റർനെറ്റ്, വൈഫൈ, ഇൻഫ്രാറെഡ് എന്നിവയുമായി ബന്ധമില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ​ദീകരണം. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ സുപ്രീംകോടതി പരിശോധന കഴിഞ്ഞതാണ്. വോട്ടെടുപ്പിനു മുൻപ്‌ മോക്ക് വോട്ടിങ് നടത്തി വിലയിരുത്തുന്നുണ്ട് എന്നും ചൂണ്ടിക്കാട്ടുന്നു.

വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകളിൽ രേഖപ്പെടുത്തുന്നതെന്തെന്ന് കാണാനാകുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. വോട്ടെണ്ണൽ വേളയിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നിൽ അഞ്ചു കോടിയിലേറെ പേപ്പർ ട്രെയിൽ മെഷീൻ സ്ലിപ്പുകൾ പരിശോധന നടത്തും. സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്ന യന്ത്രങ്ങളിൽ കൃത്രിമം നടത്താനുള്ള മാർഗങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts