Your Image Description Your Image Description

മുംബൈ: പത്തു വർഷത്തെ പോരാട്ടത്തിനൊടുവിൽ കർഷകന് നീതി. റെയിൽവേ ഏറ്റെടുത്ത ഭൂമിയിലെ 100 വർഷത്തോളം പഴക്കമുള്ള രക്തചന്ദന മരത്തിന് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കർഷകന് ഹൈക്കോടതിയുടെ ഇടപെടലിൽ ലഭിച്ചത് ഒരുകോടി രൂപ. യവത്മാലിലെ 94 വയസ്സുള്ള കർഷകൻ കേശവ്ഷിന്ദേയും മക്കളും ചേർന്ന് നടത്തിയ നിയമപോരാട്ടമാണ് വിജയം കണ്ടത്. വാർധ-യവത്മാൽ-പുസാദ്-നന്ദേഡ് റെയിൽവേ ലൈനിനായി ഷിന്ദേയുടെ ഭൂമി റെയിൽവേ ഏറ്റെടുത്തിരുന്നു. ഭൂമിക്ക് നഷ്ടപരിഹാരവും നൽകി. എന്നാൽ, ഭൂമിയുടെ സർവേ നടത്താൻ എത്തിയവരാണ് രക്തചന്ദനമരം തിരിച്ചറിഞ്ഞത്. ഇതിന് വലിയ വിലയുണ്ടെന്ന് ഇവർ കർഷകനെ ധരിപ്പിച്ചു. ഇതോടെ, മതിയായ നഷ്ടപരിഹാരം വേണമെന്ന് ഷിന്ദേ അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങി.

എന്നാൽ, ഓരോ കാരണങ്ങൾ പറഞ്ഞ് അധികൃതർ ഇവരെ ഒഴിവാക്കി. 2014 മുതൽ കളക്ടർ, വനംവകുപ്പ്, റെയിൽവേ, ജലസേചനവകുപ്പ് തുടങ്ങിയ പലയിടങ്ങളിലും കയറിയിറങ്ങി. ഒടുവിലാണ് ഹൈക്കോടതിയെ സമീപിച്ചത്. 2024 ഒക്ടോബർ ഏഴിനായിരുന്നു ഇവർ കോടതിയെ സമീപിച്ചത്. തുടർന്നുള്ള നിയമപോരാട്ടത്തിനൊടുവിൽ വിധിവന്നു. 100 വർഷത്തോളം പഴക്കമുള്ള രക്തചന്ദനമരത്തിന് ഇടക്കാല നഷ്ടപരിഹാരമായി ഒരുകോടിരൂപ കെട്ടിവെക്കാൻ റെയിൽവേയോട് ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ഉത്തരവിട്ടു.

തുടർന്ന് ഇതിൽ നിന്ന് 50 ലക്ഷം രൂപ പിൻവലിക്കാൻ കർഷകന് ഹൈക്കോടതി അനുമതി നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ഉൾപ്പെടുന്ന ഒരു സമിതിയായിരിക്കും മരത്തിന്റെ കാലപ്പഴക്കവും അന്തിമ മൂല്യവും നിർണയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts