Your Image Description Your Image Description

മംഗളൂരു: പിയുസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി അമ്മയും മകളും. കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ നരികൊമ്പു ഗ്രാമത്തിലാണ് അമ്മയും മകളും ഒരുമിച്ച് രണ്ടാം പി.യു.സി പരീക്ഷ എഴുതി വിജയിച്ചത്. മണിമജലുവിൽ രവികലയും മകൾ തൃഷയുമാണ് ഒരുമിച്ച് പഠിച്ച് ശ്ര​ദ്ധേയരായത്. എസ്.എസ്.എൽ.സി എഴുതി 27 വർഷങ്ങൾക്ക് ശേഷമാണ് രവികല പി.യു.സി എഴുതുന്നത്. ആർട്സ് സ്ട്രീമിൽ സ്വകാര്യ വിഭാഗത്തിലാണ് രവികല പാസായത്. അതേസമയം പുത്തൂരിലെ സ്വകാര്യ കോളജിൽ നിന്നാണ് മകൾ കൊമേഴ്‌സ് സ്ട്രീമിൽ 586 മാർക്കോടെ മികച്ച വിജയം നേടിയത്.

1998-ൽ രവികല എസ്.എസ്.എൽ.സി പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. വർഷങ്ങളായി നരികൊമ്പുവിലെ തരിപ്പാടി അങ്കണവാടിയിൽ ജീവനക്കാരിയാണ്. അങ്കണവാടികളിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതോടെ തൊഴിലാളികൾ പി.യു.സി പാസായിരിക്കണമെന്ന് വകുപ്പ് നിർബന്ധിച്ചു. ഈ വെല്ലുവിളി ഏറ്റെടുക്കാൻ രവികല തീരുമാനിക്കുകയായിരുന്നു.

എസ്.എസ്.എൽ.സി കഴിഞ്ഞ് 27 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യ ശ്രമത്തിൽ തന്നെ രവികല പി.യു.സി പാസായി. ജീവിതത്തിൽ കൂടുതൽ മുന്നേറാനാണ് താൻ ഈ പരീക്ഷ എഴുതിയതെന്ന് അവർ പറഞ്ഞു. ഭർത്താവിന്റെയും കുട്ടികളുടെയും സഹോദരിയുടെയും വകുപ്പിന്റെയും പിന്തുണ കൊണ്ടാണ് ഈ നേട്ടം സാധ്യമായത്. ജോലി ഉണ്ടായിരുന്നിട്ടും അഭ്യുദയകാംക്ഷികളിൽനിന്ന് പുസ്തകങ്ങൾ കടംവാങ്ങി പഠിച്ചു. പരിശ്രമം ഫലംകണ്ടു. വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച അമ്മയാണ് തന്‍റെ റോൾ മോഡലെന്ന് തൃഷ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts