Your Image Description Your Image Description

ബെംഗളൂരു: ബെംഗളൂരുവില്‍ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് 40 കോടിയോളം രൂപയുമായി മുങ്ങിയ കേസിലെ പ്രതികളായ മലയാളി ദമ്പതിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. 40 കോടിയോളം രൂപയുടെ തട്ടിപ്പ് കേസ് തള്ളണമെന്നാവശ്യപ്പെട്ടാണ് ഹർജി. ബെംഗളൂരു രാമമൂര്‍ത്തിനഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വര്‍ഗീസ്(57), ഭാര്യ ഷൈനി ടോമി(52) എന്നിവരാണ് ഹര്‍ജി നല്‍കിയത്. ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇവര്‍ കെനിയയിലേക്ക് കടന്നതായി നേരത്തേ ബെംഗളൂരു പോലീസ് കണ്ടെത്തിയിരുന്നു. ഹര്‍ജിയുമായി കോടതിയെ സമീപിച്ചതോടെ ഇവര്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയതായി സംശയം ബലപ്പെട്ടു.

അതേസമയം, കേസുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് നിക്ഷേപകര്‍. പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകര്‍ കഴിഞ്ഞ മാസം കോടതിയെ സമീപിച്ചതിനിടെയാണ് പ്രതികൾ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് തള്ളണമെന്നും സിഐഡി അന്വേഷണം തടയണമെന്നും ആണ് ഹർജിയിലെ പ്രധാന ആവശ്യം.

മലയാളികളുൾപ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ഇവർ ഒളിവിൽ പോയത്. ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.

താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ലെന്നാണ് 9 വർഷമായി രാമമൂർത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി സതി പറയുന്നത്. 502 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇത് വരെ പരാതി നൽകിയത്. 2005 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ബാങ്ക് പലിശയേക്കാൾ കൂടുതൽ പലിശ നൽകിയാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്.

Related Posts