Your Image Description Your Image Description

ജാപ്പനീസ് വാഹന ബ്രാന്‍ഡായ കാവസാക്കി തങ്ങളുടെ ജനപ്രിയ എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച 300 ന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 3.43 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. 2025 പതിപ്പില്‍ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും കോസ്‌മെറ്റിക് അപ്ഗ്രേഡുകളും ലഭിക്കുന്നു. എന്നാല്‍ മെക്കാനിക്കലായി, നിന്‍ജ 300-ന് മാറ്റങ്ങളൊന്നുമില്ല. അപ്ഡേറ്റ് ചെയ്ത മോട്ടോര്‍സൈക്കിളിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും.

2025 നിന്‍ജ 300 മോട്ടോര്‍സൈക്കിളിന്റെ രൂപം മുമ്പത്തെപ്പോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ ചില ആകര്‍ഷകങ്ങളായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ZX-6R -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പ്രൊജക്ടര്‍ ഹെഡ്ലൈറ്റ് ഇപ്പോള്‍ ബൈക്കിന് ലഭിക്കുന്നു. ഇത് ബൈക്കിന് കൂടുതല്‍ സ്‌പോര്‍ട്ടി രൂപം നല്‍കുന്നു. കൂടാതെ എയറോഡൈനാമിക്‌സും റൈഡിംഗ് അനുഭവവും മെച്ചപ്പെടുത്തുന്ന ZX-10R പോലുള്ള ഒരു വലിയ ഫ്‌ലോട്ടിംഗ് വിന്‍ഡ്സ്‌ക്രീനും ചേര്‍ത്തിട്ടുണ്ട്. ഇതിനുപുറമെ, റോഡ് ഗ്രിപ്പും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി ടയറുകളുടെ ട്രെഡ് പാറ്റേണും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ബൈക്ക് ആര്‍-ഇന്‍സ്പയര്‍ഡ് ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

അതിന്റെ ചേസിസിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ 2025 നിന്‍ജ 300 മോട്ടോര്‍സൈക്കിള്‍ ട്യൂബുലാര്‍ ഡയമണ്ട്-ടൈപ്പ് ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ 37 എംഎം ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമുണ്ട്. ഇത് യഥാക്രമം 120 എംഎം, 132 എംഎം യാത്ര വാഗ്ദാനം ചെയ്യുന്നു. ബ്രേക്കിംഗിനായി, മുന്നില്‍ 290 എംഎമ്മും പിന്നില്‍ 220 എംഎമ്മും പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ട്. സുരക്ഷയും നിയന്ത്രണവും നല്‍കുന്ന ഡ്യുവല്‍-ചാനല്‍ എബിഎസും ഉണ്ട്. ഇതിന് അതേ ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, ഒരു സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിക്കുന്നു. അപ്ഡേറ്റ് ലഭിച്ചതിനുശേഷവും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി നല്‍കിയിട്ടില്ല.

ഇതിന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, മുമ്പത്തെപ്പോലെ തന്നെ 295 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഇതിനുള്ളത്, ഇത് 11,000 ആര്‍പിഎമ്മില്‍ 38.8 bhp കരുത്തും 10,000 ആര്‍പിഎമ്മില്‍ 26.1 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് സവിശേഷതയുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതുമൂലം ഗിയര്‍ ഷിഫ്റ്റിംഗ് സുഗമമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts