Your Image Description Your Image Description

ബെംഗളൂരു: ലോകത്ത് എവിടെയും മുമ്പ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് 38 വയസ്സുള്ള ദക്ഷിണേന്ത്യൻ സ്ത്രീയിൽ കണ്ടെത്തി. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് രക്തഗ്രൂപ്പ് കണ്ടെത്തിയത്. കോലാറിലെ ഒരു ആശുപത്രിയില്‍ ഇവരെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. റോട്ടറി ബെംഗളൂരു ടിടികെ ബ്ലഡ് സെന്ററിൽ നടന്ന പരിശോധനയിലാണ് മുമ്പ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്.

സാധാരണമായി കണ്ടുവരുന്ന O Rh+ രക്തഗ്രൂപ്പ് ആയിരുന്നു ഇവരുടേത്. എന്നാല്‍ ലഭ്യമായ ഒ പോസീറ്റീവ് രക്തമൊന്നും ഇവരുടേതുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. തുടർന്ന് രക്തം കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രി റോട്ടറി ബെംഗളൂരു ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാന്‍സ്ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറന്‍സ് ലബോറട്ടറിയിലേക്ക് കൈമാറി.

ഇവിടെ നടത്തിയ പരിശോധനകളിലാണ് ഇവരുടെ രക്തം പാന്റിയാക്ടീവ് ആണെന്നും ഒരു രക്ത സാമ്പിളുകളോടും പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തിയത്. അപൂര്‍വ്വ വിഭാഗത്തില്‍ പെട്ടതോ പുതിയതോ ആയ രക്തഗ്രൂപ്പ് ആണെങ്കിലെ ഇത് സംഭവിക്കൂ. സ്ത്രീയുടെ 20 ഓളം ബന്ധുക്കളുടെ രക്ത സാമ്പിളുകള്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഒരു രക്തഗ്രൂപ്പും പൊരുത്തപ്പെട്ടില്ല.

അതേസമയം രോഗിയുടെയും കുടുംബത്തിന്റെയും രക്തസാമ്പിളുകള്‍ യുകെയിലെ ബ്രിസ്റ്റലിലുള്ള ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറിയിലേക്ക് (IBGRL) വിശദപരിശോധനയ്ക്കായി അയച്ചു. 10 മാസത്തെ വിപുലമായ ഗവേഷണത്തിനും തന്മാത്രാ പരിശോധനയ്ക്കും ശേഷം അജ്ഞാത രക്തഗ്രൂപ്പ് ആന്റിജനെ കണ്ടെത്തിയാതായി റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് ഗ്രൂപ്പ് സെന്ററിലെ ഡോ. അങ്കിത് മാഥൂര്‍ പറഞ്ഞു. ഈ പുതിയ ആന്റിജൻ ക്രോമർ (CR) രക്തഗ്രൂപ്പ് സിസ്റ്റത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി.

അതിന്റെ ഉത്ഭവത്തെ അംഗീകരിച്ചുകൊണ്ട്, ഗ്രൂപ്പിന് ഔദ്യോഗികമായി ‘CRIB’ എന്ന് പേരിട്ടു, CR ക്രോമറിനെ പ്രതിനിധീകരിക്കുന്നു. IB ഇന്ത്യയെ ബെംഗളൂരുവിനെ പ്രതിനിധീകരിക്കുന്നു. ക്രിബ് (CRIB) ആന്റിജന്‍ രക്തഗ്രൂപ്പില്‍ പെടുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് കോലാറില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ.

Related Posts