Your Image Description Your Image Description

ഛണ്ഡീ​ഗഢ്: ഖാലിസ്ഥാനി ഭീകരസംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ എൻഐഎ റെയ്ഡ്. ഖാലിസ്ഥാനി ഭീകരസംഘടനയായ ബബ്ബർ ഖൽസയുടെ പഞ്ചാബിലെ കേന്ദ്രങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നത്. ബബ്ബർ ഖൽസയിലെ ഭീകരർ ഇന്ത്യയിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ആയുധ പരിശീലനം നൽകുന്നുണ്ട് എന്നുമാണ് എൻഐഎയുടെ കണ്ടെത്തൽ. കൂടാതെ ഭീകരാക്രമണങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനും ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നതിനും സംഘടനയുടെ പ്രവർത്തകർ ഉൾപ്പെട്ടിരുന്നതായും ദേശീയ അന്വേഷണ ഏജൻസിക്ക് തെളിവ് ലഭിച്ചിരുന്നു.‌ ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘാംഗമായ ഹാപ്പി പാസിയനുമായും ഇയാളുടെ കൂട്ടാളികളുമായും ബന്ധമുള്ള ഭീകരരുടെ സ്ഥലങ്ങളിലാണ് പരിശോധന. പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് നേരെ നടന്ന ​ഗ്രനേഡ് ആക്രമണങ്ങളിലെ മുഖ്യസൂത്രധാരനാണ് ഹാപ്പി പാസിയയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലെ ഗുരുദാസ്പൂർ, ബട്ടാല, അമൃത്സർ, കപൂർത്തല ജില്ലകളിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹാപ്പി പാസിയനുമായി ബന്ധമുള്ളവരെ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന കൊടുംഭീകരൻ റിൻഡയുടെ പ്രധാന സഹായിയാണ് ഹാപ്പി പാസിയൻ. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും നടന്ന ​ഗ്രനേഡ് ആക്രമണങ്ങളിൽ റിൻഡക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഹാപ്പിയുടെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts