Your Image Description Your Image Description

സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്ന് സഹകരണം-ദേവസ്വം-തുറമുഖം മന്ത്രി വി.എൻ. വാസവൻ. ബോധവത്ക്കരണ പരിപാടികളിലൂടെ പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് കൂടുതലായി ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദ്വിദിന ശിൽപശാലയും ഫോട്ടോ പ്രദർശനവും ഏറ്റുമാനൂർ ക്രിസ്തുരാജ ചർച്ച് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫിസർ ഡോ. അർച്ചന ചന്ദ്രൻ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരിൻലാൽ എന്നിവർ പ്രസംഗിച്ചു. പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്, ആധാർ സേവനങ്ങൾ, വനിതാ പോലീസ് സെൽ നേതൃത്വത്തിലുള്ള സ്ത്രീകൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം, ലഹരി വിരുദ്ധ ബോധവൽക്കരണം, ആരോഗ്യസെമിനാറുകൾ, ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം, തൊഴിലിടങ്ങളിലെ മാനസികസമ്മർദ്ദം, ന്യൂട്രീഷൻ സെമിനാറുകൾ, എക്സിബിഷൻ, ഗാനമേള, പ്രശ്നോത്തരികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. പരിപാടിയും ഇന്ന് (30.07.25) സമാപിക്കും.

ഏറ്റുമാനൂർ നഗരസഭ, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം സെൽ, ജില്ലാ ഹോമിയോ ആശുപത്രി, തപാൽ വകുപ്പ്, വനിത പോലീസ് സെൽ, ഫയർ ആൻഡ് റസ്‌ക്യൂ, എക്സൈസ് ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related Posts