Your Image Description Your Image Description

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിനെതിരേ കൊഫെപോസ(COFEPOSA) വകുപ്പും ചുമത്തി. കേസില്‍ അന്വേഷണം നടത്തുന്ന ഡിആര്‍ഐയുടെ ശുപാര്‍ശ പ്രകാരം സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ (സിഇഐബി)യാണ് കൊഫെപോസ ചുമത്തിയത്. കേസിലെ മറ്റു പ്രതികളായ തരുണ്‍ രാജു, സാഹില്‍ സക്കറിയ ജെയിന്‍ എന്നിവര്‍ക്കെതിരേയും സമാന വകുപ്പ് ചുമത്തിയിട്ടുണ്ട്. കൊഫെപോസ ചുമത്തിയതിനാല്‍ രന്യ റാവു അടക്കമുള്ള പ്രതികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കേസില്‍ ജാമ്യം ലഭിക്കില്ല. സ്വര്‍ണക്കടത്ത് കേസില്‍ രന്യ റാവു അടക്കമുള്ള പ്രതികള്‍ നിലവില്‍ ബെംഗളൂരൂ സെന്‍ട്രല്‍ ജയിലിലാണ്.

രന്യ റാവുവും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജന്‍സികള്‍ പുതിയ വകുപ്പ് കൂടി ചുമത്തി നിര്‍ണായക നീക്കം നടത്തിയത്. അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കള്ളക്കടത്ത് നടത്തുന്നത് തടയാനും അന്വേഷണവുമായി സഹകരിക്കാതിരുന്നാലുമാണ് കൊഫെപോസ ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ മാര്‍ച്ച് മൂന്നാം തീയതിയാണ് നടി രന്യ റാവുവിനെ ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ വെച്ച് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ നടിയുടെ പക്കൽ നിന്നും 14.2 കിലോ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തിരുന്നു. ഇതിന് 12.56 കോടി രൂപ വില വരും.

തുടർന്ന് നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തിരുന്നു. കര്‍ണാടകയിലെ ഡിജിപി കെ. രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ റാവു. പിതാവിന്റെ പദവി മറയാക്കിയാണ് രന്യ റാവു വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിരുന്നത്. ഡിജിപിയുടെ മകളായതിനാല്‍ നടിക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയില്‍ നിന്നും ഒഴിവാകാനായിരുന്നു. അതിനിടെ, സ്വര്‍ണക്കടത്തില്‍ ഡിജിപി രാമചന്ദ്രറാവുവിന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കാനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അടങ്ങിയ ഈ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts