Your Image Description Your Image Description

തിരുവനന്തപുരം: സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു.  സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന്  പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം,

പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ രംഗത്തെത്തിയത്. സർക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഓഗസ്റ്റ് 5-ന് എല്ലാ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും സെപ്റ്റംബർ 30-ന് സെക്രട്ടേറിയറ്റിന് മുന്നിലും ധർണ്ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ടെടുത്ത തീരുമാനത്തിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, എന്നാൽ ഇത് സമയമാറ്റമെന്ന തീരുമാനത്തിൽ മാറ്റം വരുത്താനല്ലെന്നും, മറിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനാണെന്നുമാണ് നേരത്തെ വിഷയത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്. സമസ്ത ഉൾപ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം എന്ന വിശ്വാസത്തിലാണ് മന്ത്രി.  എന്നാൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമസ്ത അടക്കം ചില മതസംഘടനകൾ .

 

 

 

Related Posts