Your Image Description Your Image Description

ആഴക്കിണറിനുള്ളിൽ കുടുങ്ങിയ നാല് വയസ്സുകാരന് 16 മണിക്കൂറിന് ശേഷം പുതുജീവൻ. വടക്കൻ സിറിയയിലാണ് 50 മീറ്റർ ആഴമുള്ള കിണറ്റിലേക്ക് നാലു വയസ്സുകാരൻ വീണത്. വടക്കൻ സിറിയയിലെ തുർക്കിഷ് അതിർത്തിക്ക് സമീപത്തെ താൽ അബ്യാദ് നഗരത്തിലാണ് കാർഷികാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന 50 മീറ്റർ ആഴത്തിലുള്ള കിണറ്റിൽ നാലു വയസ്സുകാരനായ അലി സലേഹ് അബ്ദി വീണത്. കുടുംബ സന്ദർശനത്തിനായി പിതാവിനൊപ്പം താൽ അബ്യാദിലെത്തിയതാണ് അലി.

വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം ക്യാമറയും വോയ്സ് കമ്മ്യൂണിക്കേഷൻ ഉപകരണവും കിണറിനുള്ളിലേക്ക് ഇട്ടാണ് രക്ഷാപ്രവർത്തനം പൂർത്തിയാകുന്നത് വരെ അലിയുടെ ആരോഗ്യനില നിരീക്ഷിച്ചത്. കുട്ടിയോട് നിരന്തരം സംസാരിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. ചെറിയ അളവിൽ കുട്ടിയ്ക്ക് ഭക്ഷണവും വെള്ളവും കിണിറ്റിനുള്ളിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

മറ്റൊരു കുട്ടിയെ സുരക്ഷിതമായി കിണറ്റിലേക്ക് ഇറക്കി അലിയെ രക്ഷിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ അരികിലേക്ക് എത്താൻ തക്കവിധം ആഴത്തിൽ സമാന്തരമായി മറ്റൊരു കിണർ ഉണ്ടാക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അലിയെ പുറത്തെത്തിച്ചത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

Related Posts