Your Image Description Your Image Description

ഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്ഥാനെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. നിയന്ത്രണ രേഖയിലെ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ എല്ലാ മേഖലകളിലും ശക്തമായ പ്രതിരോധമാണ് തീർത്തിരിക്കുന്നത്. ഇന്ന് ചെനാബ് നദിയിലുളള സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നു വിട്ടു. സലാല്‍ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ത്യ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയില്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. അതേസമയം, ഇന്ത്യ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടത് പാകിസ്താന് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഇതോടെ പാകിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീതിയിലായി. ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന പ്രധാന നദികളിലൊന്നാണ് ചെനാബ്.

ഔദ്യോഗികമായി അറിയിക്കാതെയാണ് ഇന്ത്യ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിനു പിന്നാലെ പാകിസ്താനുമായുളള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ പാകിസ്താനിലേക്കുളള ജലമൊഴുക്ക് തടയാനുളള നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ് ലിഹര്‍ ഡാമിന്റെയും സലാല്‍ ഡാമിന്റെയും ഷട്ടറുകള്‍ ഇന്ത്യ പൂര്‍ണമായും അടച്ചിരുന്നു. ഇന്ത്യയുടെ ജലയുദ്ധം പാകിസ്താനിലെ കര്‍ഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്‍ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. പാക് പ്രകോപനമുണ്ടായാല്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts