Your Image Description Your Image Description

2023 ആഗസ്റ്റ് എട്ടിനായിരുന്നു സംവിധായകൻ സിദ്ദീഖ് സിനിമയോടും ജീവിതത്തോടും എന്നന്നേക്കുമായി വിടപറഞ്ഞത്. അസിസ്റ്റന്‍റ്​ ഡയറക്ടറായി തുടക്കം കുറിച്ച് മലയാളത്തിലെ മികച്ച സംവിധായകന്മാരുടെ ലിസ്റ്റിലേക്ക് എത്തിയ സിദ്ദിഖ് വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം.

1960 ആഗസ്റ്റ് ഒന്നിന് എറണാകുളം പുല്ലേപ്പടിയിൽ കറപ്പനൂപ്പിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും രണ്ടാമത്തെ മകനായാണ് സിദ്ദീഖിന്‍റെ ജനനം. കലൂർ ഗവ. ഹൈസ്കൂൾ, കളമശ്ശേരി സെന്‍റ് പോൾസ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനം പൂർത്തിയാക്കിയ ശേഷം എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂളിൽ ക്ലർക്കായി. ഇതിനൊപ്പം കൊച്ചിൻ കലാഭവന്‍റെ മിമിക്രി ട്രൂപ്പിലും അംഗമായിരുന്നു. സംവിധായകൻ ഫാസിലുമായുള്ള കൂടിക്കാഴ്ച കലാഭവനിൽ മിമിക്രി കലാകാരൻമാരായിരുന്ന സിദ്ദീഖിന്‍റെയും ലാലിന്‍റെയും ജീവിതത്തിൽ വഴിത്തിരിവായി.

തുടർന്ന്, ഇരുവരും ഫാസിലിന്‍റെ ചിത്രങ്ങളിൽ സഹസംവിധായകരായി. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായാണ് സിദ്ദീഖ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലാലുമായി ചേർന്ന് 1989ൽ സംവിധാനം ചെയ്ത ‘റാംജി റാവ് സ്പീക്കിങ്’ ആണ് ആദ്യചിത്രം. തുടർന്ന് സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിൽ ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1994) എന്നീ ഹിറ്റ് ചിത്രങ്ങൾ പിറന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

Related Posts