Your Image Description Your Image Description

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിനു സമീപം അജ്ഞാതർ ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. അതിതീവ്ര സുരക്ഷാ മേഖലയാണ് ക്ഷേത്രവും പരിസരവും. കോടികൾ മുടക്കി അത്യാധുനിക നിരീക്ഷണ ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരിക്കുന്ന മേഖലയിലൂടെയാണ് കഴിഞ്ഞ ദിവസം അജ്ഞാതർ ഡ്രോൺ പറത്തിയത്. വ്യാഴാഴ്ച രാത്രി 10.03-ഓടെ പദ്മതീർഥ കുളത്തിനു കുറുകേ പറന്നെത്തിയ ഡ്രോൺ കിഴക്കേഗോപുരത്തിനു സമീപം വട്ടംചുറ്റിയശേഷം തിരികെ പോയെന്നാണ്‌ പോലീസിനു ലഭിച്ച വിവരം.

കിഴക്കേനടഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്രോൺ പറന്നുവരുന്നതു കണ്ടത്. ക്ഷേത്രത്തിലെ കൺട്രോൾറൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫോർട്ട് അസി. കമ്മിഷണർ പ്രസാദ്, എസ്എച്ച്ഒ ശിവകുമാർ, കൺട്രോൾറൂമിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ടവർ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സിസിടിവികളിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രോൺ കടന്നുവന്ന വഴികളും പോലീസ് സംഘം കണ്ടെത്തി. എന്നാൽ ഡ്രോണിനെയും അതുപറത്തിയവരെയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. പദ്മതീർഥക്കുളത്തിനു കുറുകേ കടന്നുവന്ന ഡ്രോൺ കിഴക്കേഗോപുരംവരെ എത്തിയശേഷമായിരുന്നു തിരികെ പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടയിൽ കുളത്തിനു സമീപത്തുള്ള കല്യാണമണ്ഡപത്തിൽ വീഡിയോയും ഫോട്ടോയും എടുക്കാനെത്തിയ ഫോട്ടോഗ്രാഫർ, സംശയകരമായ നിലയിൽ കണ്ടവരെയും വിളിച്ച് പോലീസ് ചോദ്യം ചെയ്തു. എന്നാൽ, തങ്ങളാരും ഡ്രോൺ പറത്തിയിട്ടില്ലെന്നും കണ്ടില്ലെന്നുമാണ് മൊഴിനൽകിയത്. അതീവ സുരക്ഷാമേഖലയിൽ കർശന നിയന്ത്രണമുണ്ടായിട്ടും അതിനെ ഭേദിച്ച് ഡ്രോൺ പറത്തിയതിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഡ്രോൺ പറത്തരുതെന്ന കർശന നിയമത്തെ മറികടന്നാണ് അജ്ഞാതർ ഇതു പറത്തിയത്. 2019 ജൂൺ 28-നും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് പുലർച്ചെ നാലോടെ വടക്കേനട ഭാഗത്തു കൂടിയായിരുന്നു അജ്ഞാതർ ഡ്രോൺ പറപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts