Your Image Description Your Image Description

മുംബൈ: നവി മുംബൈയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി അര്‍ധനഗ്നയായി വിഡിയോ കോള്‍ ചെയ്ത അധ്യാപിക അറസ്റ്റില്‍. ആണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് അധ്യാപികക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.

അന്വേക്ഷണത്തിൽ അധ്യാപിക വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു ഈ ചാറ്റുകള്‍. പിന്നീട് ഈ ചാറ്റുകള്‍ വിഡിയോ കോളുകളിലേക്ക് മാറുകയായിരുന്നു. അധ്യാപിക അര്‍ധനഗ്നയായിട്ടായിരുന്നു വി‍ഡിയോ കോളുകളില്‍ എത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ വിദ്യാര്‍ഥി തന്നെയാണ് സംഭവത്തെ കുറിച്ച് മാതാപിതാക്കളോട് തുറന്നുപറയുന്നത്. പിന്നാലെ വിദ്യാര്‍ഥിയുടെ പിതാവ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു.

അധ്യാപികയുടെ പ്രവൃത്തികള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നാലെ അധ്യാപികയെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപിക മറ്റ് വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

മൂംബൈയിലെ തന്നെ മറ്റൊരു സ്കൂളിലെ നാല്‍പ്പതുകാരിയായ അധ്യാപിക 16 വയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം പുറത്തുവന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവം നടക്കുന്നത്. ഒരുവര്‍ഷമായി പല തവണ ആണ്‍കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കേസില്‍ വിവാഹിതകൂടിയായ അധ്യാപികയെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Related Posts