Your Image Description Your Image Description

കൊച്ചി: വിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് ചെറുവക്കൽ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോർഡ് നെയ്യാറ്റിൻകര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി. അസിസ്റ്റന്റ്‌ കമ്മിഷണർ സൈനുരാജ് ക്ഷേത്രത്തിലെത്തിയപ്പോൾ
സംശയം തോന്നിയതിനാൽ ഉടയാട മാറ്റാൻ ആവശ്യപ്പെടുകയും വിഗ്രഹത്തിൽ അഭിഷേകം നടത്തിയതിന്റെ തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തുവെന്നാണ് സ്ഥലം മാറ്റത്തിനു കാരണമായി പറയുന്നത്. എന്നാൽ, ഇത് ശരിയല്ലെന്നും തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ സത്യസന്ധതയെ അധിക്ഷേപിക്കുന്നതാണു നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് മേൽശാന്തി കൃഷ്ണകുമാർ ഹൈക്കോടതിയിൽ എത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 12-ന് രാവിലെ 6.30-നാണ് അസിസ്റ്റന്റ്‌ കമ്മിഷണർ സൈനുരാജ് ക്ഷേത്രം സന്ദർശിച്ചത്. ദേവീനടയിൽ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാർത്തും വച്ച് പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോൾ ബിംബത്തിൽ അഭിഷേകം ചെയ്തതിന്റെ നനവ് കണ്ടില്ലെന്നുമാണ് കാരണംകാണിക്കൽ നോട്ടീസിൽ പറയുന്നത്. എന്നാൽ 5.30-നാണ് നട തുറന്നതെന്നും ബിംബം ഉറപ്പിച്ചിരിക്കുന്ന അഷ്ടബന്ധത്തിന് കേടുപാടുള്ളതിനാൽ ഈർപ്പം പിടിക്കാതിരിക്കാൻ അഭിഷേകം കഴിഞ്ഞാലുടൻ ജലാംശം തുടച്ചുമാറ്റുന്നതാണ് രീതിയെന്നും കൃഷ്ണകുമാർ മറുപടിനൽകി. അന്നേദിവസം അരക്കാപ്പുള്ളതിനാൽ അഭിഷേകത്തിനുശേഷം മുഖംചാർത്തു നടത്തിയെന്നും ചൂണ്ടിക്കാട്ടി.

ശിക്ഷാനടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചെങ്കിലും സ്ഥലംമാറ്റുകയായിരുന്നു. ഇതുവരെ ഒരു ശാന്തിക്കാരനെയും അഭിഷേകം നടത്തിയില്ലെന്ന കാരണത്താൽ ദേവസ്വം ബോർഡിൽ ശിക്ഷിച്ചിട്ടില്ല. ഇത് ആദ്യത്തെ സംഭവമാണ്. അഭിഷേകവും കഴിഞ്ഞു മുഖംചാർത്തിയ വിഗ്രഹത്തിലെ ഉടയാട മാറ്റാനാവശ്യപ്പെടാൻ അസിസ്റ്റന്റ്‌ കമ്മിഷണർക്ക് അധികാരമില്ലെന്നാണ് തന്ത്രിമാരും പറയുന്നത്. കൃഷ്ണകുമാർ ഭരണാനുകൂല യൂണിയനിൽ ചേരാത്തതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts