Your Image Description Your Image Description

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്താസമ്മേളനങ്ങൾ നടത്തിയ വനിതാ ഉദ്യോഗസ്ഥരായ സോഫിയ ഖുറേഷിയുടെയും വ്യോമിക സിങ്ങിന്റെയും പേരിൽ വ്യാജ എക്സ് അക്കൗണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട്-ചെക്ക് യൂണിറ്റാണ് ഇവരുടെ പേരിലുള്ള വ്യാജന്മാരെ കണ്ടെത്തിയത്. ഇവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തുകയാണെന്ന് പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി. ഈ അക്കൗണ്ടുകള്‍ക്ക് ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ബ്ലൂ ടിക്കും ഉണ്ട്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കംകുറിച്ചതിന് പിന്നാലെ സായുധ സേനകളുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ധിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരുടെ ഈ വ്യാജ അക്കൗണ്ടുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. സിങ്ങിന്റെ വ്യാജ അക്കൗണ്ടിന് 28.4 K ഫോളോവേഴ്സും ഖുറേഷിയുടേതിന് 68 K-യില്‍ അധികം ഫോളോവേഴ്സും ഉണ്ടായിരുന്നു. ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്നും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനോ കേണല്‍ സോഫിയ ഖുറേഷിക്കോ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ ഇല്ലെന്നും പിഐബി അറിയിച്ചു. ഈ വ്യാജ അക്കൗണ്ടുകള്‍ തള്ളിക്കളയുകയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നതിലൂടെ ശ്രദ്ധനേടിയ സൈനിക ഉദ്യോഗസ്ഥരാണ് വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കേണല്‍ സോഫിയ ഖുറേഷിയും. ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ഉദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി. ആസിയാന്‍ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസമായ ഫോഴ്സ് 18-ല്‍ ഒരു ഇന്ത്യന്‍ ആര്‍മി പരിശീലന സംഘത്തെ നയിക്കുന്ന ആദ്യ വനിത എന്ന ബഹുമതി അവര്‍ നേടിയിട്ടുണ്ട്. വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് ഇന്ത്യന്‍ വ്യോമസേനയിലെ ഒരു ഹെലികോപ്റ്റര്‍ പൈലറ്റും സൈനിക ഉദ്യോഗസ്ഥയുമാണ്.

സംശയാസ്പദമായ വീഡിയോകള്‍ സൃഷ്ടിക്കുന്ന കെണിയില്‍ വീഴരുതെന്ന് പിഐബി ഫാക്ട്‌ചെക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ സായുധ സേനയുമായോ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലനില്‍ക്കുന്ന സാഹചര്യവുമായോ ബന്ധപ്പെട്ട സംശയാസ്പദമായ വീഡിയോകള്‍ക്കെതിരെയാണ് ജാഗ്രതാ നിര്‍ദേശം. സംശയം തോന്നുന്ന തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പിഐബി ഫാക്ട് ചെക്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts