Your Image Description Your Image Description

യുക്രെയ്ൻ നഗരമായ സുമേയിൽ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നും 7 കുട്ടികൾ അടക്കം 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഓശാന ദിനത്തിൽ പള്ളിയിൽ പോകുന്നതിനിടെ ആണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലെൻസ്കി അപലപിച്ചു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ വെച്ച് മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധാര്‍മികര്‍ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലന്‍സ്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കത്തി നശിച്ച വാഹനങ്ങളും മരിച്ച മനുഷ്യരെയും കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കീവിലെ കുസും എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ​ഗോഡൗണിന് നേരെയാണ് ഇന്ന് രാവിലെ റഷ്യയുടെ മിസൈലാക്രമണമുണ്ടായത്. റഷ്യ ‘മനഃപൂർവം’ നടത്തിയ ആക്രമണമെന്നാണ് യുക്രൈന്റെ ആരോപണം. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് റഷ്യ നശിപ്പിച്ചതെന്നും യുക്രൈൻ ആരോപിക്കുന്നു. ഇന്ത്യയുമായി പ്രത്യേക സൗഹാർദം അവകാശപ്പെടുമ്പോഴും മോസ്കോ മനഃപൂർവ്വം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിക്കുകയാണെന്നും യുക്രൈൻ എംബസി ആരോപിച്ചു. ‘റഷ്യ ഒരു ഭീകരവാദ രാഷ്ട്രമാണ്’ എന്ന ഹാഷ്ടാ​ഗോടെയാണ് ഇന്ത്യയിലെ യുക്രൈൻ എംബസി ഈ വിവരം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്.

‘‘ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ യുക്രെയ്നിലെ വെയർഹൗസിൽ ഒരു റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ, മോസ്കോ മനഃപൂർവം ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.’’ – ഇന്ത്യയിലെ യുക്രെയ്ൻ എംബസി എക്സിൽ കുറിച്ചു.

കീവിന്റെ ഔദ്യോ​ഗിക പോസ്റ്റിന് മുമ്പുതന്നെ ആക്രമണം സംബന്ധിച്ച വിവരം യുക്രൈനിലെ ബ്രിട്ടീഷ് അംബാസഡർ മാർട്ടിൻ ഹാരിസ് എക്സിലൂടെ അറിയിച്ചിരുന്നു. ഡ്രോൺ ആക്രമണമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ പോസ്റ്റാണ് യുക്രൈൻ എംബസി റീ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ഇന്ന് രാവിലെ റഷ്യൻ ഡ്രോണുകൾ കീവിലെ ഒരു പ്രധാന ഫാർമസ്യൂട്ടിക്കൽ വെയർഹൗസ് പൂർണ്ണമായും നശിപ്പിച്ചു. പ്രായമായവർക്കും കുട്ടികൾക്കും ആവശ്യമായ മരുന്നുകളുടെ ശേഖരം കത്തിച്ചു. യുക്രൈൻ ജനതയ്ക്ക് നേരെയുള്ള റഷ്യൻ ഭീകരാക്രമണം തുടരുന്നു”, മാർട്ടിൻ ഹാരിസ് എക്സിൽ കുറിച്ചു.

ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കുസും. യുക്രൈനിലെ ഏറ്റവും വലിയ ഫാർമസി സ്ഥാപനങ്ങളിൽ ഒന്നാണിത്. അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്ന കമ്പനിയുടെ ഉൽപന്നങ്ങൾ യുക്രെയ്നിലുടനീളം നിർണായകമാണ്. അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന​ഗരമധ്യത്തിൽ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായർ ആഘോഷിക്കാൻ ആളുകൾ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈൽ ആക്രമണം ഉണ്ടായത്. വെടിനിർത്തൽ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് റഷ്യൻ ആക്രമണം. സ്റ്റീവ് വിറ്റ്കോവ്-പുടിൻ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആക്രമണം. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചത്. നിലവിൽ രാജ്യത്തിൻ്റെ 20 ശതമാനം ഭൂപ്രദേശവും കൈവശപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts