Your Image Description Your Image Description

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി സ്വദേശി എന്‍.രാമചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്. ആയിരങ്ങളാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാവിലെ മുതൽ ഒഴുകിയെത്തിയത്. ‘ഭാരത് മാതാ കീ ജയ്’ എന്ന് ജയ് വിളിച്ചാണ് മകള്‍ ആരതിയും ഭാര്യ ഷീലയും രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചത്. പൊതുദര്‍ശനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങൾ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് പത്തരയോടെ മങ്ങാട്ടു റോഡിലെ വസതിയിലെത്തിച്ച മൃതദേഹം കാണാൻ നിരവധി പേർ ഒഴുകിയെത്തി. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും വഴിയരികിൽ നൂറുകണക്കിനു പേർ രാമചന്ദ്രന് വിടനൽകാൻ കാത്തു നിന്നു.

പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികൾ നൽകിയായിരുന്നു സംസ്‌കാരം. സംസ്കാരച്ചടങ്ങിന് ശേഷം മുഖ്യമന്ത്രി രാമചന്ദ്രന്‍റെ വീട് സന്ദർശിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. കശ്മീരിൽ വിനോദയാത്രയ്ക്കു പോയ എൻ. രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽ വെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തിൽ രാമചന്ദ്രൻ അടക്കം 26 പേർക്കാണ് ജീവൻ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts