Your Image Description Your Image Description

നിങ്ങളുടെ ശരീരത്തെ ഒരു ഓർക്കസ്ട്രയായി സങ്കൽപ്പിക്കുക, അവിടെ ഓരോ പോഷകത്തിനും ഒരു പ്രധാന ജോലി ചെയ്യാനുണ്ട്. വിറ്റാമിൻ ഡിയും അതിന്റെ ഉപവിഭാഗമായ ഡി 3 യും കണ്ടക്ടറുകൾ പോലെയാണ്. അവ നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും കാൽസ്യത്തെയും ഫോസ്ഫറസിനെയും നയിക്കുന്നു. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്. ഇതിന് പുറമെ ഭക്ഷണത്തിലൂടെയും സപ്ലിമെന്റിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിൻ ഡിയുടെ അഭാവം മാനസികാവസ്ഥ തകരാറിലാക്കുന്നതു മുതൽ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുക വരെ ചെയ്യാം. എന്നാൽ വിറ്റാമിൻ ഡി ശരീരത്തിൽ അമിതമാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.

വിറ്റാമിന്‍ ഡി ശരീരത്തിൽ അമിതമാകുന്നതിനെ തുടര്‍ന്ന് കാത്സ്യം അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍കാല്‍സെമിയ. വിറ്റാമിൻ ഡി ടോക്സിസിറ്റി എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വൈറ്റമിൻ-ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്റുകളുടെ അമിത ഉപഭോ​ഗമാണ് പലപ്പോഴും വിറ്റാമിൻ ഡി ടോക്സിസിറ്റിക്ക് കാരണമാകുന്നത്. അതിനാൽ സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുൻപ് ഡോക്ടർമാരുടെ നിർദേശം നിർബന്ധമായും തേടണം.

ശരീരത്തിൽ കാത്സ്യം ആഗിരണം ചെയ്യുന്നതിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവു കൂടുന്നതോടെ രക്തത്തിൽ ഉയർന്ന അളവിൽ കാത്സ്യം അടിഞ്ഞുകൂടുന്നു. ഇത് ഓക്കാനം, ഛർദ്ദി, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ​തുടർന്ന് ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ തുടങ്ങിയ മൃദുവായ ടിഷ്യൂകളിൽ കാത്സ്യം നിക്ഷേപിക്കുന്നതിനും കാരണമാകും.

ഇത് അവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൾമണറി ഫൈബ്രോസിസ്, വൃക്കകളും തകരാറ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്നു. വിറ്റാമിൻ ഡി കൂടിയാൽ അത് ദഹന വ്യവസ്ഥയെയും സാരമായി ബാധിക്കും. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കാം. പേശി വീക്കവും വേദനയും വിറ്റാമിൻ ഡി കൂടുന്നതിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. ഉയർന്ന വൈറ്റമിൻ ഡി അളവ് ഫോസ്ഫറസിൻ്റെ ആഗിരണം വർധിപ്പിക്കുന്നതിനും കാരണമാകും. ഇത് ശരീരത്തിലെ കാത്സ്യം ഫോസ്ഫറസും തമ്മിലുള്ള സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും എല്ലുകളെ ദുർബലപ്പെടുത്തുന്ന ഹൈപ്പർഫോസ്ഫേറ്റീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts