Your Image Description Your Image Description

2025 ഓഗസ്റ്റ് 1 മുതൽ പുതിയ യുപിഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ബയോമെട്രിക് സംവിധാനമുപയോഗിച്ച് യുപിഐ ഉപഭോക്താക്കൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ പുതിയ സൗകര്യമൊരുങ്ങുന്നതായാണ് റിപ്പോർട്ട്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, അല്ലെങ്കിൽ മറ്റേതെങ്കിലും യുപിഐ പ്ലാറ്റ്‌ഫോം പോലുള്ള ആപ്പുകളിലാണ് പുതിയ സംവിധാനം. അക്കൗണ്ടിൽ നിന്ന്‌ പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിൻ നമ്പറിനുപകരം മുഖം തിരിച്ചറിഞ്ഞുള്ളതോ വിരലടയാളമുപയോഗിച്ചുള്ളതോ ആയ തിരിച്ചറിയൽ സംവിധാനമാണ് വരാൻ പോകുന്നത്.

ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം സുരക്ഷ ശക്തമാക്കാനും ഇത്‌ സഹായകമാകുമെന്നാണ് പ്രതീക്ഷ. അതേസമയം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ സംവിധാനം തയ്യാറാക്കുന്നത്. ഇതിലൂടെ പിൻ നമ്പർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാകും. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ 80 ശതമാനവും യുപിഐവഴിയായതും സുരക്ഷയുയർത്തേണ്ടതിന്റെ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഒരുവർഷത്തോളമായി എൻപിസിഐ ബയോമെട്രിക് വെരിഫിക്കേഷൻ സേവനം കൊണ്ടുവരുന്നതിനായി പരിശ്രമിച്ചുവരുകയാണ്.

ബയോമെട്രിക് സംവിധാനം കൊണ്ട് വരാൻ വിവിധ തേഡ്പാർട്ടി കമ്പനികളുമായി ഇതിന്റെ സാധുത പരിശോധിച്ചിട്ടുണ്ടെന്നാണ് വിവരം. 2025 ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ഇതിന്റെ മാതൃക അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂർത്തിയായാൽ റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും ഇത് നടപ്പാക്കുക.

കൂടാതെ ആഗസ്റ്റ് ഒന്നുമുതൽ പേയ്മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന എന്നിവയില്‍ ഉള്‍പ്പെടെ മാറ്റങ്ങൾ നിലവിൽ വരും. ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയു. മാത്രമല്ല പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഒരു ദിവസം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. മൂന്ന് തവണ മാത്രമെ ഒരു ഇടപാടിന്റെ പേയ്മെന്റ് സ്റ്റാറ്റസ് ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയൂ. വിവിധ പ്ലാറ്റ്ഫോമുകളിലെ ഓട്ടോപേ ഇടപാടുകള്‍ക്ക് നിശ്ചിത സമയപരിധി നല്‍കുന്നതടക്കമാണ് മാറ്റങ്ങള്‍.

Related Posts