Your Image Description Your Image Description

ന്യൂയോർക്ക്: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം സംബന്ധിക്കുന്ന പട്ടിക നിരത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ‘റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ 31 വർഷം നീണ്ട രക്തച്ചൊരിച്ചിൽ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചു.

ദശാബ്ദങ്ങൾ നീണ്ട കോംഗോ- റുവാണ്ട യുദ്ധത്തിൽ ഏഴ് ലക്ഷം ആളുകൾ മരിച്ചു. ആ യുദ്ധം നിർത്തിയത് ഞാനാണ്.’ ട്രംപ് എഴുതി. റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഷാർലമാൻ ദ ഗോഡിന് തന്റെ നേട്ടങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞാണ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പട്ടിക നിരത്തിയത്. ‘ഇന്ത്യയെയും പാകിസ്താനെയും കുറിച്ചോ ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയതിനെ കുറിച്ചോ തുറന്ന അതിർത്തി അടച്ചതിനെക്കുറിച്ചോ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചതിനെക്കുറിച്ചോ ഒന്നും അദ്ദേഹത്തിന് (ഷാർലമാൻ ദ ഗോഡിന്) അറിയില്ല.’

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചതായി ട്രംപ് മുമ്പും പല തവണ അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ട്രംപിന് പ്രധാനമന്ത്രി ഉചിതമായ മറുപടി കൊടുക്കുന്നില്ലെന്നായിരുന്നു ആരോപണം. തുടർന്ന് പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയാവുകയും മറുപടിക്കിടെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷം നിർത്താൻ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Related Posts