Your Image Description Your Image Description

ലഖ്‌നൗ: മകളെ കാണിച്ച് അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പാളി. ഉത്തർ പ്രദേശിലെ ശാമലിയിലാണ് ഇരുപത്തൊന്നുകാരിയായ മകളെ കാണിച്ച ശേഷം നാൽപ്പത്തഞ്ചുകാരിയായ അമ്മ വിവാ​ഹിതയാകാൻ ശ്രമിച്ചത്. വിവാഹ ചടങ്ങിനിടെ സംശയം തോന്നിയ വരൻ, വധുവിന്റെ മൂടുപടം ഉയർത്തി നോക്കിയപ്പോഴാണ് താനുമായി വിവാ​​ഹം നിശ്ചയിച്ച യുവതിയുടെ അമ്മയാണ് വധുവെന്ന് മനസിലായത്. ഇതോടെ വരൻ വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തു.

മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയാണ് അസീം എന്ന യുവാവാണ് വഞ്ചിക്കപ്പെട്ടത്. ഇരുപത്തിരണ്ടുകാരനായ മൊഹമ്മദ് അസീമും മൻതാഷ എന്ന യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. മൻതാഷയുടെ പിതാവ് മരിച്ചുപോയിരുന്നു. അമ്മ താഹിറയാണ് യുവതിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. തന്റെ ജ്യേഷ്ഠൻ നദീമും അദ്ദേഹത്തിന്റെ ഭാര്യ ഷൈദയും ചേർന്നാണ് ഇരുപത്തൊന്നുകാരിയായ മൻതാഷയുമായുള്ള വിവാഹം ഉറപ്പിച്ചതെന്നാണ് അസീം വ്യക്തമാക്കുന്നത്. ഷൈദയുടെ അനന്തരവളായിരുന്നു ഫസൽപുർ സ്വദേശിയായ മൻതാഷ.

മാർച്ച് 31-നായിരുന്നു വിവാഹം ഉറപ്പിച്ചത്. തുടർന്ന് നിക്കാഹ് ചടങ്ങ് പുരോഗമിക്കവേ വധുവിന്റെ പേര് താഹിറ എന്ന് മൗലവി പറഞ്ഞതോടെയാണ് അസീമിന് പന്തികേട് തോന്നിയത്. ഇതോടെ വധുവിന്റെ മുഖാവരണം അസീം നീക്കി. അപ്പോഴാണ് വധുവിന്റെ സ്ഥാനത്ത് മൻതാഷയുടെ അമ്മയെ കണ്ടത്. വിവാഹവുമായി മുന്നോട്ടുപോകാനോ വധുവിനെ ഒപ്പം കൊണ്ടുപോകാനോ തയ്യാറായല്ലെന്ന് പറഞ്ഞതോടെ വ്യാജ ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് നദീമും ഷൈദയും ഭീഷണിപ്പെടുത്തിയെന്ന് അസീം പോലീസിനോട് പറഞ്ഞു.

വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമാവുകയും നിയമനടപടികൾ എന്തെങ്കിലും വരുമോ എന്ന് പേടിക്കുകയും ചെയ്തതോടെ അസീം വീട്ടിലേക്ക് മടങ്ങുകയും മീററ്റിലെ എസ്എസ്പി ഓഫീസിലെത്തി വ്യാഴാഴ്ച പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും മീററ്റ് എസ്എസ്പി ഡോ. വിപിൻ താട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts