Your Image Description Your Image Description

ഭുവനേശ്വർ: ഭൂമി തരം മാറ്റാനായി കൈക്കൂലി വാങ്ങിയ തഹസിൽദാർ അറസ്റ്റിൽ. ഒഡീഷയിലെ സംബൽപൂർ ജില്ലയിലാണ് സംഭവം. മാനേശ്വർ അഡീഷണൽ തഹസിൽദാർ ഭുവനാനന്ദ സാഹുവാണ് വിജിലൻസിന്റെ പിടിയിലായത്. ഒരു ചെറിയ ഭാഗം കൃഷിഭൂമി വീട്ടുപറമ്പായി മാറ്റുന്നതിന് ഭൂ ഉടമയിൽ നിന്നും ആറായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. ഭുവനാനന്ദ സാഹു കൈക്കൂലി വാങ്ങിയ മുഴുവൻ തുകയും വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

ഒഡീഷ റവന്യൂ സർവീസ് (ORS) ഉദ്യോഗസ്ഥനാണ് ഭുവനാനന്ദ സാഹു. ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമി കാർഷികേതര (വീട്ടുപറമ്പ്) ആവശ്യത്തിനായി മാറ്റുന്നതിനും അനുകൂലമായി ഭൂമിയുടെ രേഖകൾ (ROR) നൽകുന്നതിനും 10,000 രൂപ ആകെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.

കൈക്കൂലി നൽകിയില്ലെങ്കിൽ ആവശ്യപ്പെട്ട കാര്യം നടക്കില്ലെന്ന് ഭുവനാനന്ദ സാഹു ഭീഷണിപ്പെടുത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഒരുക്കിയ കെണിയിൽ, ശനിയാഴ്ച ഓഫീസിൽ വെച്ച് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഭുവനാനന്ദ സാഹുവിനെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അഴിമതി നിരോധന (ഭേദഗതി) നിയമം, 2018 പ്രകാരം ഭുവനാനന്ദ സാഹുവിനെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts