Your Image Description Your Image Description

ബംഗളൂരു: ബ്രാൻഡഡ് സ്പോർട്സ് ഇനങ്ങളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നതായി ലഭിച്ച പരാതിയിൽ പരിശോധന. ബംഗളൂരുവിൽ കോസ്കോ, നിവിയ, യോനെക്സ് എന്നീ പ്രശസ്ത ബ്രാൻഡുകളുടെ പേരിൽ വിൽക്കാൻ ശ്രമിച്ച 8.5ലക്ഷം രൂപയുടെ വ്യാജ സ്‌പോർട്‌സ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ബ്രാൻഡ് പ്രൊട്ടക്ടേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സൗത്ത് ഇന്ത്യ റീജിയണൽ ഹെഡ് സ്റ്റീഫൻ രാജ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

ഉള്ളാൾ പൊലീസ് പരിധിയിലുള്ള സ്‌പോർട്‌സ് വിന്നർ സ്റ്റോറിലും മംഗളൂരു നോർത്ത് പൊലീസ് പരിധിയിലുള്ള മഹാദേവ് സ്‌പോർട്‌സ് സെന്ററിലും വ്യാജ ഫുട്‌ബോളുകൾ, വോളിബോൾ, ബാഡ്മിന്റൺ റാക്കറ്റുകൾ എന്നിവ വിൽക്കുന്നുണ്ടെന്ന് ഡിസിപി മിഥുൻ എച്ച്.എൻ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ 1957 ലെ പകർപ്പവകാശ നിയമത്തിലെ 51(1)(ബി), 63 എന്നീ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു. ഉള്ളാൾ തൊക്കോട്ടുവിലെ ഔട്ട്‌ലെറ്റിൽ പൊലീസ് റെയ്ഡ് നടത്തി 3.5 ലക്ഷം രൂപയുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തുടർന്ന് ബന്ദറിലെ ഔട്ട്‌ലെറ്റിൽ നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കൾ പിടിച്ചെടുത്തു. ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ റാക്കറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 300 വ്യാജ സ്‌പോർട്‌സ് സാധനങ്ങൾ ഇതിൽപ്പെടും.

ബ്രാൻഡഡ് സ്‌പോർട്‌സ് ഇനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഡിസിപി മിഥുൻ എച്ച്എൻ മുന്നറിയിപ്പ് നൽകി. വ്യാജ ഉൽപ്പന്നങ്ങൾ യഥാർത്ഥ ഉൽപ്പന്നങ്ങളുടെ സമാനമായ വിലക്ക് വിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കട ഉടമകൾ 20ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെട്ടു.

പഞ്ചാബിലെ ജലന്ധറിൽ നിന്നാണ് വ്യാജ ഉൽപ്പന്നങ്ങൾ കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബ്രാൻഡഡ് സാധനങ്ങളുടെ മറവിൽ ഈ വ്യാജ വസ്തുക്കൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉൾപ്പെട്ട വിതരണക്കാരെയും നിർമ്മാതാക്കളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസിപി (ക്രൈം ആൻഡ് ട്രാഫിക്) രവിശങ്കർ, എസിപിമാരായ വിജയക്രാന്തി, പ്രതാപ് സിങ് തോറാട്ട് എന്നിവർ പങ്കെടുത്തു.

Related Posts