Your Image Description Your Image Description

മുംബൈ: ബോയിങ് 747 വിമാനം ലേലം ചെയ്യാന്‍ എയര്‍ ഇന്ത്യ. മുംബൈയിലെ എയര്‍ ഇന്ത്യ ഹാങ്ങറിനടുത്ത് സൂക്ഷിച്ചിട്ടുള്ള വിടി-ഇഎസ്ഒ വിമാനം മേയ് ആറിന് ഇ-ലേലം നടത്തുന്ന എംജങ്ഷന്‍ പ്ലാറ്റ്ഫോം വഴിയാകും ലേലംചെയ്യുക. മൂന്ന് ദശാബ്ദക്കാലം എയര്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന വിമാനം ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷമാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ വിഭാഗത്തിലുള്ള മറ്റൊരു വിമാനം എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് അധികം വൈകാതെ ടാറ്റാ ഗ്രൂപ്പ് വിറ്റൊഴിവാക്കിയിരുന്നു.

താത്പര്യമുള്ളവര്‍ ലേലത്തിന് മൂന്നുദിവസം മുന്‍പ് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. മേയ് അഞ്ചിന് വിമാനം പരിശോധിക്കാനും ഇവര്‍ക്ക് അവസരം നല്‍കും. രണ്ടുനിലകളിലായുള്ള, ഇന്ത്യയിലെ അവശേഷിക്കുന്ന ഈ ജംബോജെറ്റ് വിമാനം പ്രധാന വിദേശ റൂട്ടുകളിലാണ് സേവനത്തിനായി എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്നത്.

1993-96 കാലത്താണ് എയര്‍ ഇന്ത്യ, ബോയിങ് 747 വിഭാഗത്തിലുള്ള നാല് ജംബോജെറ്റുകള്‍ വാങ്ങിയത്. 2021 മാര്‍ച്ചിനുശേഷം ഇവ സര്‍വീസിന് ഉപയോഗിച്ചിട്ടില്ല. ഇതിലൊന്നായ ആഗ്ര എന്നു വിളിപ്പേരുള്ള വിമാനം 2024 ഏപ്രില്‍ 22-ന് അമേരിക്കന്‍ കമ്പനിയായ എയര്‍സെയില്‍ വാങ്ങിയിരുന്നു. 2022-ല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതിന്റെ രജിസ്ട്രേഷന്‍ പിന്‍വലിച്ചിരുന്നു. പൊളിച്ച് ഘടകങ്ങള്‍ എടുക്കുന്നതിനായി അമേരിക്കയിലെ പ്ലെയിന്‍ ഫീല്‍ഡിലേക്കാണ് വിമാനം കൊണ്ടുപോയത്.

പ്രവര്‍ത്തനം ലാഭകരമല്ലാത്തതിനാലാണ് ജംബോ ജെറ്റ് വിമാനങ്ങള്‍ ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഇന്ധനക്ഷമത കൂടിയ പുതിയ വിമാനങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവ് കൂടുതലാണ് പഴക്കമുള്ള ഈ ജംബോ ജെറ്റുകള്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts