Your Image Description Your Image Description

സ്വന്തമായി വീടെന്ന സ്വപ്‌നവുമായി കാലമേറെയായി കാത്തിരിക്കുന്ന നാല് കുടുംബങ്ങള്‍ക്ക് പ്രഭാകരന്‍ മാസ്റ്ററുടെ ഭൂമിയില്‍ പുതുഭവനങ്ങളൊരുങ്ങും.

ഭൂമിയില്ലാത്ത ഭവനരഹിതരെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി കീഴല്‍ സ്വദേശിയായ പി പി പ്രഭാകരന്‍ മാസ്റ്ററും കുടുംബവും പഞ്ചായത്തിന് കൈമാറിയ 15 സെന്റ് സ്ഥലത്താണ് വീടൊരുക്കുക. സ്ഥലത്തിന്റെ രേഖ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കുടുംബങ്ങള്‍ക്ക് കൈമാറി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട നാല് കുടുംബങ്ങളാണ് ഇനി ഈ ഭൂമിയുടെ അവകാശികള്‍.

 

2015ല്‍ പരപ്പനങ്ങാടി ജിഎച്ച്എസ് സ്‌കൂളില്‍നിന്ന് വിരമിച്ച പ്രഭാകരന്‍ മാസ്റ്റര്‍ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് വില്യാപ്പള്ളി വില്ലേജില്‍ ഉള്‍പ്പെടുന്ന കീഴല്‍ പ്രദേശത്ത് 15 സെന്റ് സ്ഥലം വാങ്ങിയത്. തന്റെ ജീവിതാധ്വാനത്തിന്റെ പങ്ക് പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൂടി ആശ്വാസമാകണമെന്ന ആഗ്രഹമുള്ള അദ്ദേഹം ഈ ഭൂമി 2019ല്‍ രണ്ടാം പ്രളയകാലത്ത് സര്‍ക്കാറിന് നല്‍കിയതായി പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിക്ക് സമ്മതപത്രം കൈമാറുകയും ചെയ്തിരുന്നു. ഈ ഭൂമിയാണ് നാല് ലൈഫ് ഗുണഭോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുനല്‍കിയത്.

2008ലും പ്രഭാകരന്‍ മാസ്റ്റര്‍ പ്രദേശത്തെ അങ്കണവാടിക്കായി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കിയിരുന്നു. ഈ അങ്കണവാടിയിലെ അധ്യാപികയാണ് പ്രഭാകരന്‍ മാസ്റ്ററുടെ ഭാര്യ. നാല് വീടുകളും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രഭാകരന്‍ മാസ്റ്ററും കുടുംബവും.

Related Posts