Your Image Description Your Image Description

പോഷക സമൃദ്ധം പ്രഭാതം പദ്ധതി വഴി കളമശ്ശേരിയിൽ ഒരു ദിവസം 8000 കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കി കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പോഷക സമൃദ്ധം പ്രഭാതം പദ്ധതിയുടെ ഈ വർഷത്തെ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ 39 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എൽ പി ,യു പി വിഭാഗങ്ങളില വിദ്യാർഥികൾക്കാണ് ഒരു വർഷം പോഷക സമൃദ്ധം പ്രഭാതം പദ്ധതി വഴി സൗജന്യ പ്രഭാത ഭക്ഷണം നൽകി വരുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി. എല്ലാ വർഷവും അദ്ധ്യാന വർഷം തുടങ്ങുന്നതിന് മുമ്പ് അദ്ധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം വിളിച്ച് ചേർക്കാറുണ്ടായിരുന്നു .ആദ്യത്തെ യോഗം ചേർന്നപ്പോഴാണ് വീട്ടിൽ നിന്ന് പലകാരണങ്ങളാൽ പ്രഭാത ഭക്ഷണം കഴിക്കാതെയാണ് പല കുട്ടികളും സ്കൂളുകളിൽ വരുന്നതെന്ന് മനസ്സിലാക്കിയത്.അതിനെ തുടർന്നാണ് ബി പി സി എൽ കൊച്ചി റിഫൈനറിയുമായി ചേർന്ന് പദ്ധതി നടപ്പിലാക്കിയത്.ഓരോ വർഷവും പദ്ധതിക്കായി ഒരു കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി സിയാലിന്റെയും ലയൺസ് ക്ലബിന്റെയും പിന്തുണയോടെ 3 കോടി രൂപ ചിലവഴിച് ആർ ഒ പ്ലാന്റ് മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും സ്ഥാപിച്ചു കഴിഞ്ഞു .ആഗസ്റ്റ് 19 ന് സ്കൂളുകളിലെ ശുദ്ധജല വിതരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം നിർവഹിക്കുമെന്നും പ്ലാന്റിന് 3 വർഷത്തെ മെയിന്റൻസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചിൻ കാൻസർ സെന്ററിൽ വരുന്ന പല സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾക്കും അവരുടെ കൂട്ടിയിരുപ്പുകാർക്കും താമസ സൗകര്യം ഉറപ്പാക്കുന്നതിന് ബി പി സി എൽ 12 കോടി രൂപ അനുവദിച്ചുവെന്നും ആഗസ്റ്റ് 20 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷത്തിൽ ടെണ്ടർ ഒപ്പുവെക്കുമെന്നും മന്ത്രി പറഞ്ഞു.

എച്ച് എം ടി കോളനി ജി എൽ പി എസ് സ്കൂളിൽ നടന്ന ചടങ്ങിൽ കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയായി.

ബി പി സി എൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ, ബി പി സി എൽ ജനറൽ മാനേജർ ജോർജ് തോമസ് ,വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, എച്ച് എം ടി കോളനി ജി എൽ പി എസ് എച്ച് എം രഞ്ജു രാജൻ, ജില്ലാ പ്ലാനിംഗ് ബോർഡ് മെമ്പർ ജമാൽ മണക്കാടൻ, ആലുവ എ ഇ ഒ സനൂജ എ ഷംസു,തൃക്കാകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി എസ് എ കരീം,പി ടി എ പ്രസിഡന്റ് റംസിയ,കൗൺസിലർമാരായ റാണി രാജേഷ്,കെ കെ ശശി അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിന്റെ ഭാഗമായി.

Related Posts