Your Image Description Your Image Description

തൃശൂര്‍: കുന്നംകുളത്ത് പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലിച്ചതച്ച മർദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണിപ്പോള്‍ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരം ലഭിച്ചത്.

2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മര്‍ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണിപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. സ്റ്റേഷനിൽ എത്തിയത് മുതൽ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പൊലീസ് നീക്കം. തുടര്‍ന്ന് വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

Related Posts