Your Image Description Your Image Description

ജില്ലയില്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയായി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പതിയാങ്കര ആറാട്ടുപുഴ, വട്ടച്ചാല്‍, അമ്പലപ്പുഴ മണ്ഡലത്തിലെ കക്കാഴം, ആലപ്പുഴ മണ്ഡലത്തിലെ കാട്ടൂര്‍ എന്നീ ഭാഗങ്ങളിലെ തീരസംരക്ഷണ പ്രവര്‍ത്തികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തിലെ ഒറ്റമശ്ശേരി, ആലപ്പുഴ മണ്ഡലത്തിലെ കാട്ടൂര്‍-പൊള്ളേത്തൈ, അമ്പലപ്പുഴ മണ്ഡലത്തിലെ കക്കാഴം, ഹരിപ്പാട് മണ്ഡലത്തിലെ വട്ടച്ചാല്‍ – നെല്ലാനിക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി കുറയ്ക്കാനും തീരം നഷ്ടപ്പെടുന്നത് പ്രതിരോധിക്കാനുമാകും. ഇതുവഴി കൂടുതല്‍ മണല്‍ അടിഞ്ഞ് സ്വാഭാവിക തീരം രൂപം കൊള്ളുകയും ചെയ്യും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ (കെഐഐഡിസി) വഴിയാണ് നിര്‍മ്മാണം.

ആറാട്ടുപുഴയില്‍ 1.2 കിലോ മീറ്റര്‍ നീളത്തില്‍ 21, പതിയാങ്കരയില്‍ 1.5 കിലോ മീറ്റര്‍ നീളത്തില്‍ 13, വട്ടച്ചാലില്‍ 1.7 കിലോ മീറ്റര്‍ നീളത്തില്‍ 16, കാട്ടൂരില്‍ 3.16 കിലോ മീറ്റര്‍ നീളത്തില്‍ 34 എന്നിങ്ങനെയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച പുലിമുട്ടുകള്‍. അമ്പലപ്പുഴയില്‍ 3.6 കിലോ മീറ്റര്‍ നീളത്തില്‍ 30 പുലിമുട്ടുകളുടെയും 30 മീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തിയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2018ലാണ് ആദ്യഘട്ട പ്രവര്‍ത്തികള്‍ ആരംഭിച്ചത്.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെല്ലാനിക്കലില്‍ 473 മീറ്റര്‍ നീളത്തില്‍ നാല്, ഒറ്റമശ്ശേരിയില്‍ 995 മീറ്റര്‍ നീളത്തില്‍ ഒമ്പത്, അമ്പലപ്പുഴ – കക്കാഴത്ത് 1.8 കിലോ മീറ്റര്‍ നീളത്തില്‍ 19, കാട്ടൂര്‍- പൊള്ളേത്തൈയില്‍ 1.2 കിലോ മീറ്റര്‍ നീളത്തില്‍ ഒമ്പത് എന്നിങ്ങനെയാണ് പുലിമുട്ടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2026 മെയ് മാസത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Related Posts