Your Image Description Your Image Description

 

ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ മുട്ടത്തറയിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് (ആഗസ്റ്റ് 7 ന്) കൈമാറും.

മുട്ടത്തറയിൽ നിർമ്മിക്കുന്ന 400 ഫ്ലാറ്റുകളിൽ ആദ്യഘട്ടമായി 332 ഫ്ലാറ്റുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്.രണ്ടു നിലകളിലായി 8 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഫ്ലാറ്റിന്റെ നിർമാണച്ചെലവ് 20 ലക്ഷത്തിനു മുകളിലാണ്. റോഡ്, ഡ്രെയിനേജ്, നടപ്പാത ചുറ്റുമതിൽ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വളരെ മികച്ച ഗുണനിലവാരത്തിലാണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ തൈക്കാട് അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

പുനർഗേഹം പദ്ധതിയുടെ ഭാഗമായി 2023 ഫെബ്രുവരി 10 നാണ് മുട്ടത്തറയിലെ ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചത്. മുട്ടത്തറ വില്ലേജിൽ ക്ഷീര വികസന വകുപ്പിന്റെ കൈവശത്തിലുണ്ടായിരുന്ന 8 ഏക്കർ ഭൂമി ഫിഷറീസ് വകുപ്പിന് സർക്കാർ കൈമാറുകയായിരുന്നു. അതിൽ പുനർഗേഹം പദ്ധതി പ്രകാരം 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി 81 കോടി രൂപയാണ് അനുവദിച്ചത്. ഇവിടെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന 400 ഫ്ലാറ്റുകളുടെ സമുച്ചയത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമാകാനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കാലതാമസം മൂലം പദ്ധതി വൈകുമെന്നതിനാലാണ് ആദ്യ ഘട്ടമായി 332 ഫ്ലാറ്റുകളും രണ്ടാം ഘട്ടമായി പാരിസ്ഥിതികാനുമതി ലഭിച്ച ശേഷം 68 ഫ്ലാറ്റുകളും പൂർത്തിയാക്കാൻ തീരുമാനിച്ചത്.

തുടർച്ചയായ കടൽക്ഷോഭം മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും തീരദേശ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ പുനർഗേഹം എന്ന ബൃഹത്തായ പദ്ധതിക്ക് രൂപം നൽകിയത്. 2019 ഡിസംബറിൽ 2,450 കോടി രൂപയുടെ ഭരണാനുമതി നൽകിയ പദ്ധതി വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന 22,174 കുടുംബങ്ങളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. വ്യക്തികൾ സ്വന്തമായി ഭൂമി കണ്ടെത്തി വീട് നിർമ്മിക്കുക,ഗുണഭോക്താക്കളുടെ സംഘം ഭൂമി കണ്ടെത്തി ഫ്ലാറ്റുകൾ നിർമ്മിക്കുക,റവന്യൂ ഭൂമിയിലോ ഏറ്റെടുത്ത ഭൂമിയിലോ സർക്കാർ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച് നൽകുക എന്നീ മാർഗങ്ങളാണ് പുനരധിവാസത്തിനായി സർക്കാർ മുന്നോട്ടുവെച്ചത്.

Related Posts