Your Image Description Your Image Description

ജനിച്ച് ആറുമാസം പ്രായമായ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും സമഗ്ര വികാസവും ഉറപ്പാക്കുന്നതിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ‘ഹാഫ് ബര്‍ത്ത്‌ഡേ’ എന്ന പേരില്‍ പുതിയ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. കുട്ടികള്‍ക്ക് കുറുക്ക് നല്‍കിയും കേക്ക് മുറിച്ചും എച്ച് സലാം എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു.

മുലപ്പാല്‍ മാത്രം നല്‍കിയ ആദ്യ ആറുമാസത്തിനു ശേഷമുള്ള വളര്‍ച്ചക്ക് വേണ്ട പൂരകാഹാരം സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം, നാഷണല്‍ നിയോനാറ്റോളജി ഫോറം, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് എന്നിവ ചേര്‍ന്ന് ഓരോ മാസവും ഹാഫ് ബര്‍ത്ത്‌ഡേ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ആശുപത്രിയിലേക്ക് ക്ഷണിച്ച് ശിശുരോഗ വിദഗ്ധര്‍ പരിശോധിക്കും. വളര്‍ച്ച ശരിയായ രീതിയിലാണോ, പ്രതിരോധ കുത്തിവെപ്പുകള്‍ മുഴുവന്‍ ലഭിച്ചിട്ടുണ്ടോ എന്നെല്ലാം ഉറപ്പാക്കും. രക്ഷിതാക്കളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഇവിടെന്നു ലഭിക്കും.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. ഐ റിയാസ് അധ്യക്ഷനായി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി പദ്മകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാര്‍, നാഷണല്‍ നിയോനാറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. ഒ ജോസ്, ഐഎപി വൈസ് പ്രസിഡന്റ് സംഗീത ജോസഫ്, ഒ ജി വിഭാഗം മേധാവി ഡോ. സംഗീത മേനോന്‍, ശിശുരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മൈന, ഐഎപി സെക്രട്ടറി ഡോ. എ എസ് അന്‍ഷ, ശിശുരോഗ വിഭാഗം പ്രൊഫസര്‍ ഡോ. ജയറാം ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts