Your Image Description Your Image Description

ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തി​ന്റ പശ്ചാത്തലത്തിൽ പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ പ്രധാന വേഷത്തിലെത്തുന്ന അബീർ ഗുലാൽ എന്ന ചിത്രം റിലീസ് ഷെഡ്യൂളിൽ നിന്ന് പിൻവലിക്കണമെന്ന ആവശ്യം ശക്തം. ചിത്രവും അതിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ നടി വാണി കപൂറാണ് ചിത്രത്തിലെ നായിക. 28 വിനോദസഞ്ചാരികളുടെ ജീവനാണ് പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അപഹരിക്കപ്പെട്ടത്. ഇതെത്തുടർന്ന് രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

ആരതി എസ് ബാഗ്ദി സംവിധാനം ചെയ്യുന്ന അബിർ ഗുലാൽ മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത് എന്നാണ് സൂചന. പ്രഖ്യാപനം മുതൽ ഈ ചിത്രം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നയതന്ത്ര ബന്ധങ്ങൾ വഷളാകുകയും അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരനായ ഫവാദ് ഖാന്റെ കാസ്റ്റിംഗ് ചിത്രത്തിനെതിരായ സൈബര്‍ രോഷം ഇരട്ടിപ്പിക്കുകയാണ്.

ദാരുണമായ പഹൽഗാം സംഭവം പൊതുജനങ്ങളുടെ രോഷം വീണ്ടും ആളിക്കത്തിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയില്‍. പാകിസ്ഥാൻ നടനുമായി സഹകരിക്കാനുള്ള ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തീരുമാനത്തെ പല നെറ്റിസണ്‍സും ചോദ്യം ചെയ്യുന്നു. ചിത്രം റിലീസ് ഷെഡ്യൂളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യവും ശക്തമാണ്.

അതേ സമയം ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് പടത്തിന് മുന്‍പും സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്. 2016-ൽ കരൺ ജോഹറിന്റെ ‘ഏ ദിൽ ഹേ മുഷ്കിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വിവാദം. ഈ സിനിമയിൽ ഫവാദ് ഖാനും അഭിനയിച്ചിരുന്നു. 2016 സെപ്റ്റംബർ 18 ഉറിയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ആ ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന്‍റെ ഫലമായി ഇന്ത്യൻ വിനോദങ്ങളിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് അനൗപചാരിക വിലക്ക് ഏർപ്പെടുത്തിയിരുന്നു കുറേക്കാലം.

കഴിഞ്ഞ വര്‍ഷം ബോംബൈ ഹൈക്കോടതി പാക് കലകാരന്മാരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കണം എന്ന ഹര്‍ജി തള്ളിയിരുന്നു. പിന്നാലെ വീണ്ടും പാക് നടന്മാരും ഗായകരും ബോളിവുഡില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. ഇതിനെതിരെയാണ് പഹൽഗാം ആക്രമണത്തിന് പിന്നാലെ പ്രതിഷേധം ഉയരുന്നത്.

അതേ സമയം ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി.

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts